Image Credit: x.com/HolocaustUK

മരണത്തിന് പോലും തങ്ങളെ വേര്‍പിരിക്കാന്‍ കഴിയില്ലെന്ന് പറയുന്നവരുണ്ട്  ലോകത്ത്.  പിരിഞ്ഞിരിക്കാനാകാതെ ഒരുമിച്ച് മരണംവരിച്ചിരിക്കുകയാണ്  പോളിഷ് അഭിനേത്രി റൂത്ത് പോസ്‌നറും (96) ഭര്‍ത്താവ് മൈക്കേല്‍ പോസ്‌നറും (97). സ്വിറ്റ്സർലൻഡിലെ ഒരു അസിസ്റ്റഡ് ഡയിങ് ക്ലിനിക്കിൽ വച്ചായിരുന്നു ഇരുവരുടേയും മരണം. തങ്ങളുടെ പ്രിയ്യപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതുസംബന്ധിച്ച് ഇമെയിലുകൾ അയച്ച ശേഷമായിരുന്നു ഇവര്‍ മരണം വരിച്ചത്. ഇരുവര്‍ക്കും മറ്റ് അസുഖങ്ങളോ മറ്റോ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല. 75 വർഷത്തെ ദാമ്പത്യത്തിനുശേഷം വേർപിരിയാതിരിക്കാൻ അവർ ആഗ്രഹിച്ചതിനാൽ ഒരുമിച്ച് മരിക്കാൻ തീരുമാനിക്കുകയായിരുന്നു.

‘നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുമ്പോൾ ഞങ്ങൾ മരിച്ചിരിക്കും. തീരുമാനം പരസ്പര സമ്മതത്തോടെയും  സമ്മർദങ്ങളൊന്നുമില്ലാതെയുമായിരുന്നു. ഏകദേശം 75 വർഷത്തോളം ഞങ്ങൾ ഒരുമിച്ചു ജീവിച്ചു. കാഴ്ചയും കേള്‍വിയും നഷ്ടപ്പെടുന്ന ഊർജമില്ലാത്ത ഒരു ഘട്ടം വന്നു. ഒരു പരിചരണം കൊണ്ടും ഈ ഘട്ടത്തെ അതിജീവിക്കാന്‍ കഴിയില്ല. മകൻ ജെറമിയെ നഷ്ടപ്പെട്ടതിന്‍റെ ദുഃഖം ഒഴിച്ചാല്‍ ഒഴികെ രസകരവും സന്തോഷപൂര്‍ണവുമായിരുന്നു ഞങ്ങളുടെ ജീവിതം. എല്ലാം ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ചു. ഭൂതകാലത്തെക്കുറിച്ച് പശ്ചാത്തപിക്കാതിരിക്കാനും വർത്തമാനകാലത്ത് ജീവിക്കാനും ഭാവിയിൽ നിന്ന് അധികം പ്രതീക്ഷിക്കാതിരിക്കാനും ഞങ്ങൾ ശ്രമിച്ചു’ ഇരുവരുടേയും മരണക്കുറിപ്പില്‍ പറയുന്നു.

രണ്ടാം ലോകമഹായുദ്ധ കാലത്ത് യൂറോപ്പില്‍ നടന്ന ജൂതക്കൂട്ടക്കൊലയില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട റൂത്ത് പോസ്‌നര്‍ പിന്നീട് നര്‍ത്തികയും നടിയുമായി മാറുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ അവസാന കാലഘട്ടത്തിലാണ് അഭയാർത്ഥിയായി യുകെയില്‍ എത്തുന്നത്. 1950 ൽ മൈക്കൽ എസ്. പോസ്നറെ വിവാഹം കഴിച്ചു. അതേവര്‍ഷം തന്നെ ലണ്ടൻ കണ്ടംപററി ഡാൻസ് സ്കൂളിൽ നർത്തകിയും നൃത്തസംവിധായകയുമായി. 1970 കളുടെ തുടക്കത്തിൽ പോസ്നര്‍ യുണിസെഫിൽ ജോലി ചെയ്യാൻ ന്യൂയോർക്കിലേക്ക് പോയപ്പോൾ റൂതതും കൂടെപ്പോയി.

ന്യൂയോർക്കിലെ ജൂലിയാർഡ് സ്കൂളിലും ബോസ്റ്റണിലെ ബ്രാൻഡീസ് യൂണിവേഴ്സിറ്റിയിലും തിയറ്റര്‍ അധ്യാപികയായി. 1980 ൽ ഹണ്ടർ കോളേജിൽ നിന്ന് തിയറ്റർ ആർട്സിൽ എംഎ നേടുകയും  ലണ്ടനിലേക്ക് മടങ്ങിയ റൂത്ത് ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഡ്രമാറ്റിക് ആർട്ട് , റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട് , സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ എന്നിവിടങ്ങളിൽ തിയറ്റര്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. തന്‍റെ എൺപതുകളിലും ലോകമഹായുദ്ധകാലത്തെയും ജൂതക്കൂട്ടക്കൊലയെയും കുറിച്ചുള്ള നീറുന്ന ഓര്‍മ്മകള്‍ റൂത്ത് പുതിയ തലമുറയോട് പങ്കുവച്ചിരുന്നു. ‘ഹൂ ഡു വി തിങ്ക് വി ആർ’ എന്ന നാടകത്തിൽ റൂത്ത് തന്റെ ജീവിതം പുനരാവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

മേക്കിങ് ന്യൂസ് (1990), ലവ് ഹർട്ട്സ് (1994), ദി റൂത്ത് റെൻഡൽ മിസ്റ്ററീസ് (1995), ബ്രാംവെൽ (1997), ടു എനിവൺ ഹു കാൻ ഹിയർ മി (1999), കാഷ്വാലിറ്റി (1987–2003), ദി ബിൽ (2003), കമിങ് അപ്പ് ഫോർ എയർ (2003), ടൈംലെസ് (2005), അപ്പാരേഷൻസ് (2008), ദി ഫാർമസിസ്റ്റ് (2012) എന്നീ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. ലിയോൺ ദി പിഗ് ഫാർമർ (1992), ഡു ഐ ലവ് യു? (2002), ദി ഫുട്ബോൾ ഫാക്ടറി (2004), ഷെമിറ (2017) എന്നിവയാണ് ചലച്ചിത്രങ്ങള്‍.

ENGLISH SUMMARY:

In a deeply moving decision, Polish actress Ruth Posner (96) and her husband Michael Posner (97) ended their lives together at an assisted dying clinic in Switzerland, unwilling to be separated even by death. After 75 years of marriage, they informed friends and loved ones through emails before their passing, clarifying the choice was mutual and free of external pressure. Ruth, a Holocaust survivor who later became a dancer, actress, and theatre teacher, left behind a remarkable legacy spanning stage, film, and television. Their farewell note reflected a life of joy, resilience, and shared love, despite personal losses like the death of their son Jeremy. Ruth’s career included teaching at prestigious institutions like Juilliard and London’s RADA, while her acting credits spanned notable TV series and films including Casualty, The Bill, and The Football Factory. Their joint decision has stirred reflection worldwide on love, aging, and dignity in death.