മരുമക്കൾ എന്ന് പറയുന്നത് എന്നും മരുമക്കളാണ് ഒരിക്കലും മക്കളാകില്ലെന്നും നടി മല്ലിക സുകുമാരന്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ അഭിപ്രായ പ്രകടനം. ഇന്നത്തെ കാലത്ത് അമ്മായിയമ്മ എന്ന് പറയുന്നത് ഭീകര ജന്തുവാണെന്നാണ് നമ്മുടെ സമൂഹത്തില്‍ പറഞ്ഞുവച്ചിരിക്കുന്നതെന്നും അതിനൊരു അപവാദമായി ജീവിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
മല്ലിക സുകുമാരന്‍റെ വാക്കുകള്‍
സത്യസന്ധമായിട്ടൊരു കാര്യം പറയാം. മരുമക്കള്‍ എന്ന് പറയുന്നത് അവർ എന്നും മരുമക്കളാണ്, മക്കളല്ല. നമുക്ക് മക്കളോട് പറയാം. പക്ഷേ അതേ ടോണില്‍ മരുമക്കളോട് പറഞ്ഞാല്‍ അമ്മായിയമ്മ കളിക്കുകയാണെന്ന് തോന്നും. ഇന്നത്തെ കാലത്ത് അമ്മായിയമ്മ എന്ന് പറയുന്നത് ഭയങ്കര ഭീകര ജന്തുവാണെന്നാണ് നമ്മുടെ സമൂഹത്തില്‍ പറഞ്ഞുവച്ചിരിക്കുന്നത്. അതിനൊരു അപവാദമായി ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്തിനാ അമ്മേ ഈ ദുരഭിമാനം ഇവിടെ വന്നുനിന്നുകൂടേയെന്ന് പിള്ളേരൊക്കെ പറയും. അഞ്ച് മിനിട്ട് മതിയല്ലോ എന്‍റെ ഫ്ളാറ്റിലെത്താനെന്നും, അമ്മയുടെ കൂടെ പഴയ ജോലിക്കാരെല്ലാമുണ്ടെന്നും മക്കളോട് പറയും.
വേറൊന്നും കൊണ്ടല്ല, അവർക്ക് അവരുടേതായ ലൈഫ് സ്റ്റൈലുണ്ട്. അവർക്ക് പുറത്തുപോയി ഭക്ഷണം കഴിക്കണമെന്ന് തോന്നും. ഞാൻ നേരെ തിരിച്ചാണ്. കഴിയുന്നതും വീട്ടില്‍ വല്ലതും ഉണ്ടാക്കി കഴിക്കുന്നയാളാണ്. അങ്ങനത്തെ ഒരുപാടുകാര്യങ്ങള്‍ ന്യൂജനറേഷന് ഉള്‍ക്കൊള്ളാൻ പ്രയാസമുണ്ടാകും. ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും അവന്‍റെ കൂടെ പുറത്തുപോകാനായിരിക്കും ആഗ്രഹം. അമ്മൂമ്മയില്ലെങ്കില്‍ അച്ഛൻ കൊണ്ടുപോയേനെ എന്ന് കുഞ്ഞുങ്ങള്‍ക്ക് തോന്നത്തില്ലേ. അവരുടെ സ്വാതന്ത്ര്യത്തിലേക്ക് ഇടപെടുന്നത് എനിക്ക് ഇഷ്ടമില്ല. പെണ്‍കുട്ടികള്‍ക്ക് അവരുടെ അമ്മമാരോട് ഫ്രീഡം കൂടുതലാണ്. എനിക്കൊരു പനി വന്നാല്‍പ്പോലും മക്കള്‍ക്ക് രണ്ടുപേർക്കും ടെൻഷനാണ് ’