മുന്‍കോപത്തിന് പേരുകേട്ടയാളാണ് ജയാബച്ചന്‍. പൊതുസ്ഥലത്ത് വച്ച് പാപ്പരാസികളോടും അപരിചിതരോടുമെല്ലാം ജയ ചൊടിക്കുന്ന വിഡിയോ പലതവണ കണ്ടിട്ടുള്ളതുമാണ്. ജയാ ബച്ചന്‍റെ ക്ഷിപ്ര കോപത്തെ സ്ഥിരീകരിക്കുകയാണ് പ്രമുഖ ഭോജ്പുരി നടനും ഗായകനുമായ ദിനേഷ് ലാല്‍ യാദവ്. വടിയെടുത്ത് ജയാ ബച്ചന്‍ തന്നെ അടിച്ചുവെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമ ചിത്രീകരണത്തിനിടയില്‍ ജയാ ബച്ചന്‍ തന്നെ അടിച്ചുവെന്നും അത് നന്നായി വേദനിച്ചുവെന്നും താരം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ ദിനേഷിന്‍റെ അമ്മയുടെ വേഷമായിരുന്നു ജയയുടേത്. ഗംഗാദേവി (2012)എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയായിരുന്നു സംഭവം. അടിക്കുന്നത് പോലെ വടിയോങ്ങാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും അവര്‍ ശരിക്കും തല്ലി. മുന്‍കോപക്കാരിയാണ് ജയാ ബച്ചനെന്നും അടികൊണ്ട് നന്നായി വേദനിച്ചുവെന്നും ദിനേഷ് കൂട്ടിച്ചേര്‍ത്തു. തനിക്ക് വേദനിച്ച കാര്യം പറഞ്ഞതും, 'നീ എന്‍റെ മരുമകളെ തല്ലിയതെന്തിനെ'ന്ന ചോദ്യമാണ് ജയ തിരിച്ചുയര്‍ത്തിയതെന്നും ദിനേഷ് പറയുന്നു.
അന്ന് അടി കൊണ്ട് വേദനിച്ചെങ്കിലും അതൊരു അനുഗ്രഹമായിട്ടാണ് താന്‍ ഇന്ന് കാണുന്നതെന്നും ദിനേഷ് കൂട്ടിച്ചേര്‍ത്തു. ജയാബച്ചനും അമിതാഭ് ബച്ചനുമൊപ്പം അഭിനയിക്കാന്‍ അധികമാര്‍ക്കും അവസരം ലഭിച്ചിട്ടില്ലെന്നും ദിനേഷ് വിശദീകരിച്ചു.
അതേസമയം, അമിതാഭ് ബച്ചനെ കുറിച്ച് മനോഹരമായ ഓര്‍മയാണ് തനിക്കുള്ളതെന്നും ജയാ ബച്ചനെ പോലെ അല്ലെന്നും താരം വെളിപ്പെടുത്തി. പെട്ടെന്ന് കണ്‍മുന്നില്‍ സാക്ഷാല്‍ ബിഗ്ബിയെ കണ്ടതും താന്‍ സ്തംഭിച്ച് പോയെന്നും എന്നാല്‍ തന്‍റെ പരിഭ്രമം മനസിലാക്കി അദ്ദേഹം തന്നെ സംഭാഷണത്തിന് തുടക്കമിടുകയായിരുന്നുവെന്നും ദിനേഷ് പറയുന്നു. തന്‍റെ പാട്ടുകളെ കുറിച്ചും തമാശകള്‍ പറഞ്ഞും അദ്ദേഹം തന്നെ കംഫര്‍ട്ടബിളാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു.