അവാര്‍ഡ് മേടിച്ചതിന് ശേഷം സുരേഷ്‌ഗോപിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തി ഭക്ഷണം കഴിക്കാൻ കഴിഞ്ഞ സന്തോഷം പങ്കുവച്ച് നടി ഉർവശി. മകൾ കുഞ്ഞാറ്റയോടൊപ്പമാണ് ഉർവശി സുരേഷ്‌ഗോപിയുടെ വസതിയിലെത്തിയത്. സ്ഥലത്തില്ലെങ്കിലും വസതിയിലെത്തി ഭക്ഷണം കഴിച്ചേ മടങ്ങാവൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ ഓർഡർ എന്നും അതുകൊണ്ടാണ് ഇവിടെയെത്തി പ്രഭാതഭക്ഷണം കഴിച്ചതെന്നും ഉർവശി പറഞ്ഞു.
‘എന്നെ പൊടി എന്നാണ് സുരേഷ് വിളിക്കുന്നത്, ഞാന്‍ ബാബുവണ്ണനെന്നും, ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടെ പോകാവു എന്ന് പറഞ്ഞു. മസാലദോശ, സാമ്പാര്‍ വട. ഉപ്പുമാവ്, ഇഡലി, എല്ലാം ഇവിടെയുണ്ടായിരുന്നു, നല്ല ഭക്ഷണമായിരുന്നു, എനിക്ക് ഡയറ്റ് ഇല്ല’ ഉര്‍വശി പറഞ്ഞു.
ഉര്‍വശിയുടെ വാക്കുകള്‍
‘സുരേഷ് ഗോപിയുമായി വളരെ കാലത്തെ സൗഹൃദബന്ധമുണ്ട്, എത്ര വർഷത്തെ ആണെന്ന് പോലും ഓർമയില്ല. അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത് എന്റെ ഒപ്പമാണ്. കുറേ സിനിമകൾ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഡൽഹിയിൽ വന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കണം എന്നും ഭക്ഷണം കഴിക്കണമെന്നുമൊക്കെയാണ് പറഞ്ഞിട്ടുള്ളത്. ഞാൻ വിചാരിച്ചത് ഇവിടെ പൊലീസും പട്ടാളവും ഒക്കെ കാണുമായിരിക്കും അവരുടെ മുന്നിൽ കൂടി ആയിരിക്കും നടക്കേണ്ടത് എന്നൊക്കെയാണ്. ആരു വന്നാലും ഇവിടെ വന്ന് സ്നേഹത്തോടെ ഒരുപിടി ആഹാരം കഴിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. അവാർഡ് വാങ്ങിക്കാനായി ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. അദ്ദേഹം ഇവിടെയില്ല, പക്ഷേ ഞാൻ കഴിച്ചു കഴിഞ്ഞ ഉടനെ കൃത്യമായി വിളിച്ചു. അദ്ദേഹം എന്നോട് ചോദിച്ചു അവിടെ എന്തൊക്കെ കണ്ടു, പൂജാമുറി കണ്ടോ എന്നൊക്കെ. ഞാൻ പറഞ്ഞു എല്ലാം കണ്ടു, ഗുരുവായൂരപ്പനെ കണ്ടു, വലിയ സന്തോഷമായി എന്ന് ’