2010ല്‍ പുറത്തുവന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഇന്‍സെപ്ഷനില്‍ ഒരു രംഗമുണ്ട്. സീറോ ഗ്രാവിറ്റിയില്‍ കറങ്ങിതിരിയുന്ന ഹാളില്‍ ചാടിയും തലകുത്തിമറിഞ്ഞുമുള്ള നായകന്‍റെ ഫൈറ്റ് രംഗം കണ്ട് പ്രേക്ഷകര്‍ അന്തംവിട്ടു. കൂബ്രിക് റൊട്ടേറ്റിങ് സെറ്റ് എന്ന ടെക്നോളജിയാണ് ഇതിനായി നോളന്‍ ഉപയോഗിച്ചത്. അതായത് 360 ഡിഗ്രിയില്‍ കറങ്ങുന്ന ഒരു സെറ്റ് ഇതിനായി ഒരുക്കും. ഈ സെറ്റ് കറങ്ങുന്നതിനനുസരിച്ച് അഭിനേതാക്കളും ചലിക്കും. എന്നാല്‍  26 വര്‍ഷം മുന്‍പേ ഒരു മലയാളം സിനിമ ഈ ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട്, ആ സിനിമയുടെ പേരാണ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍. 2001: എ സ്‌പേസ് ഒഡീസി പോലുള്ള ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ച ‘റൊട്ടേറ്റിങ് റൂം’ മാതൃകയാണ് സംവിധായകന്‍ ജിജോ പുന്നൂസ് ഉപയോഗിച്ചത്. 1984ല്‍ സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന വെസ്റ്റേണ്‍ സിനിമകള്‍ പോലും 3ഡിയില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഇന്ത്യയില്‍ ആദ്യ3ഡി ചിത്രം ഇറക്കി മലയാളം സിനിമ. 

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര കേരളത്തിന് പുറത്തേക്കും തരംഗമാവുമ്പോള്‍ മറ്റ് ഇന്‍ഡസ്ട്രികള്‍ ഒന്നുകൂടി ചോദിക്കുകയാണ്, എന്താണ് മലയാളം സിനിമയുടെ മാജിക്. എന്ത് ട്രിക്കാണ് നിങ്ങള്‍ ചെയ്യുന്നത്. സിനിമയുടെ ഈ ജാലവിദ്യ നാം ഇന്നും ഇന്നലേയും തുടങ്ങിയതല്ല, അത് മലയാളം സിനിമ പിച്ചവച്ചു തുടങ്ങിയപ്പോഴേ ഒപ്പമുള്ളതാണ്.  

മറ്റ് ഇന്‍ഡസ്ട്രികള്‍ സെറ്റുകളില്‍ തന്നെ ഒതുങ്ങികൂടിയ സമയത്താണ് 1965ല്‍ രാമു കാര്യാട്ടും സംഘവും ക്യാമറയുമായി കടപ്പുറത്തേക്ക് ഇറങ്ങിയത്. സെറ്റിന് പുറത്ത് ഒറിജിനല്‍ ഔട്ട് ഡോര്‍ ലൊക്കേഷനില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് ചെമ്മീന്‍. ടെക്നോളജി പോലും ഇല്ലാത്തക്കാലത്തെ ആ ക്ലൈമാക്സ് ചിത്രീകരണം ഇന്നും അതിശയമാണ്. സിനിമയില്‍ പളനി ചുഴിയിലേക്ക് പെട്ടുപോകുന്നതോ സ്രാവ് ആക്രമിക്കുന്നതോ വ്യക്തമായി കാണാനാവില്ല. പകരം ക്യാമറ ആങ്കിളിലും സൗണ്ട് എഫക്ടിലും പളനിയുടെ മുഖത്ത് മാറിമറയുന്ന ഭാവങ്ങളിലുമാണ് ആ രംഗത്തിന്‍റെ മികവ്. ഒടുവില്‍ വായില്‍ ചൂണ്ടകൊളുത്തുമായി തീരത്തടിയുന്ന സ്രാവിന്‍റെ മൃതദേഹം കാണിച്ചുകൊണ്ട് പളനിയുടെ മരണം പ്രേക്ഷകരുടെ ഭാവനയ്​ക്ക് വിട്ടുകൊടുക്കുകയാണ് സിനിമ. 

ഇന്ത്യയില്‍ തന്നെ ഒരു മുഴുനീള ആനിമേറ്റഡ് കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യസിനിമകളില്‍ ഒന്നാണ് 1993ല്‍ പുറത്തുവന്ന ഓ ഫാബി. 70എംഎം ഫിലിമില്‍ ചിത്രീകരിച്ച ആദ്യകാല ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് ജിജോ പുന്നൂസിന്‍റെ പടയോട്ടം. അതിനുമുന്‍പ് വിദേശ സിനിമകളില്‍ മാത്രമാണ് നാം ഇത് കണ്ടുവന്നിരുന്നത്.  അന്നത്തെ വമ്പന്‍ ബജറ്റായ ഒരു കോടിയില്‍ വലിയ കൊട്ടാരങ്ങള്‍ സെറ്റിട്ടും യുദ്ധരംഗങ്ങള്‍ ചിത്രീകരിച്ചും സിനിമയുടെ സ്കെയില്‍ ഉയര്‍ത്തി നവോദയ സ്റ്റുഡിയോ. 

കുട്ടിച്ചാത്തനിലൂടെയും ചെമ്മീനിലൂടെയും പടയോട്ടത്തിലൂടെയുമൊക്കെ കൈമാറിവന്ന ആ മോളിവുഡ് ലെഗസി ഇന്ന് മിന്നല്‍ മുരളിയിലും ലോകയിലും എത്തിനില്‍ക്കുകയാണ്.  കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നുമുണ്ടായ സൂപ്പര്‍ ഹീറോക്കായി വിഎഫ്​എക്സിന് പുറമേ ചില ചെപ്പടിവിദ്യകളും മനുഷ്യാധ്വാനവും ഉപയോഗിച്ചു. സൂപ്പര്‍ ഹീറോയ്​ക്ക് വേഗത്തിലോടാന്‍ മാജിക് കാര്‍പ്പറ്റ് ഒരുക്കി.  മുകളില്‍ നിന്നും വീഴുന്ന ഉളി തന്നെ പിടിച്ചും കറങ്ങുന്ന ഫാന്‍ നിര്‍ത്തിയും താഴെ വീണ പാത്രം തട്ടി മുകളിലേക്ക് ഇട്ടും ടൊവിനോയും ചില നുറുങ്ങുകള്‍ പ്രയോഗിച്ചു. 

മഞ്ഞുമ്മല്‍ ബോയ്​സിനായി ഗുണ കേവ് തന്നെ ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ ചാലിശ്ശേരി സെറ്റിട്ടു. കുഴിയിലെ രക്ഷാപ്രവർത്തനം മുഴുവനായി ചിത്രീകരിക്കാൻ 50 അടി താഴ്ചയുള്ള മൂന്നു കുഴികൾ കൂടി ഒരുക്കി. ഇതിൽ ഓരോന്നിലും ക്യാമറ വച്ച് ഷൂട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പ്രത്യേകം തയാറാക്കി. സീനുകൾ അനുസരിച്ച് മൂന്നു തരത്തിലാണ് അവയുടെ ഉൾഭാഗം ക്രമീകരിച്ചിരുന്നത്. ശ്രീനാഥ് ഭാസിയും സൗബിനും തൂങ്ങിക്കിടക്കുന്ന രംഗം ചിത്രീകരിച്ചത് ശരിക്കും 40 അടി താഴ്ചയിൽ തന്നെയാണ്. 

അങ്ങനെ ലിസ്റ്റ് ചെയ്​താല്‍ എണ്ണിയാലൊടുങ്ങാത്ത സിനിമകള്‍ ഇനിയും പറയാം. അതിനാല്‍ തന്നെ 30 കോടിയില്‍ സ്ക്രീനില്‍ അദ്ഭുതം തീര്‍ത്ത ലോക നമുക്ക് പുതിയ കാര്യമല്ല. കാലം ഏതായാലും ടെക്നോളജികള്‍ക്കോ ബജറ്റിനോ പരിമിതികളുണ്ടെങ്കിലും ആ പരിമിതികളില്‍ നിന്നുകൊണ്ട് ദ് ബെസ്റ്റ് എടുക്കാനാണ് നാം എന്നും ശ്രമിക്കാറുള്ളത്. സിനിമ എന്നാല്‍ കോടി ബജറ്റോ വിഎഫ്എക്സോ സിജിഐയോ അല്ല, സിനിമ കഥ പറയുന്ന കലയാണ്. ബാക്കിയെല്ലാം ഇതിനെ പൂര്‍ണമാക്കാനുള്ള ഘടകങ്ങള്‍ മാത്രമാണ്. വിഎഫ്​എക്സും സിജിഐയും വേണ്ടിടത്ത് അതും അല്ലാത്തിടത്ത് വേണ്ട ചെപ്പടിവിദ്യയും കാണിച്ച് മനുഷ്യാധ്വാനം പരമാവധി ഉപയോഗിച്ചാണ് ഒരു സിനിമ ഇവിടെ ഉണ്ടാകുന്നത്. ഒടിടി പ്ലാറ്റ്ഫോമുകള്‍ കൂടി വന്നതോടുകൂടി ദേശത്തിന്‍റേയും ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് രാജ്യങ്ങള്‍ തോറും സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. കൊറിയന്‍ സിനിമകള്‍ പോലെ അന്താരാഷ്​ട്ര തലത്തില്‍ മലയാളം സിനിമകളും അറിയപ്പെടുന്ന കാലം വിദൂരമല്ല. 

ENGLISH SUMMARY:

Malayalam cinema magic combines innovative techniques with compelling storytelling. This unique approach allows Malayalam films to transcend budgetary limitations and connect with audiences on a global scale.