വലിയ ആകാംക്ഷയ്ക്ക് തുടക്കമിട്ട് ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിന് തിരിതെളിഞ്ഞു. പൂത്തോട്ടയിലെ ശ്രീ നാരായണ ലോ കോളജിൽ നടന്ന പൂജയ്ക്ക് ശേഷം മോഹൻലാൽ ചിത്രത്തിന് ക്ളാപ്പടിച്ചു. 2013ൽ ആദ്യ ഭാഗവും 2022ൽ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.
ക്രൈം ത്രില്ലർ എന്നതിനപ്പുറം ഒരു ഫാമിലി ഡ്രാമ എന്ന് ഒതുക്കി പറഞ്ഞാണ് ദൃശ്യം മൂന്നിന് ജീത്തു ജോസഫ് തുടക്കമിട്ടത്. ചിത്രത്തിൻ്റെ ആദ്യ ദിവസ ചിത്രീകരണവും പൂജ നടന്ന പൂത്തോട്ടയിലെ ശ്രീ നാരായണ ലോ കോളജിലാണ്. ആകാംക്ഷയാണ് ദൃശ്യം ഒരുക്കുന്ന വിരുന്നെന്നും ജോർജ് കുട്ടി എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു മോഹൻലാലിൻ്റെ സരസമായ പ്രതികരണം .
മോഹൻലാൽ പുരസ്കാര നിറവിൽ നിൽക്കുമ്പോഴാണ് ഷൂട്ടിംഗ് ആരംഭിക്കുന്നതെന്നതാണ് ഇരട്ടി മധുരമെന്ന് ജിത്തു ജോസഫ്. ഏറ്റവും പ്രിയപ്പെട്ട സിനിമയുടെ തുടക്കം ഉണ്ടാവുന്നത് വലിയ ഭാഗ്യമാണെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. അമ്പത് ദിവസത്തെ ഷൂട്ടിംഗാണ് ചിത്രത്തിനുള്ളത്. 2015ല്‍ ആദ്യ ഭാഗം തിയറ്ററിൽ എത്തിയെങ്കിലും രണ്ടാം ഭാഗം 2022ൽ ഒടിടിയിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്.