മറ്റ് സിനിമാ ഇന്‍ഡസ്ട്രികളെപ്പോലെയല്ല ബോളിവുഡ്. വെളുത്ത് തുടുത്ത് സിക്സ്പാക്ക് ഉള്ളവരായിരിക്കണം നടന്‍മാര്‍, നടിമാര്‍ക്കും ഇതുപോലൊക്കെ തന്നെ. അഭിനയമല്ല എന്തായാലും മെയിന്‍. പല നടന്‍മാരും തങ്ങളുടെ ലുക്ക് നിലനിര്‍ത്താന്‍ പല കൈവിട്ട കളിയും കളിക്കും. പ്ലാസ്റ്റിക് സര്‍ജറിയും മറ്റും ചെയ്ത് ലുക്ക് പോയി കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന ആളുകളുണ്ട്. ഇപ്പോഴിതോ ബോളിവുഡിലെ ഏറ്റവും മുന്‍നിര നായകനായ സല്‍മാന്‍ ഖാന്‍ ഹിറ്റ് ചിത്രമായ ദബംഗില്‍ പ്രായവും യഥാര്‍ഥ ലുക്കും മറച്ചുവയ്ക്കാനായി കിണഞ്ഞ് പരിശ്രമിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ അഭിനവ് കശ്യപ്.
ബോളിവുഡ് തിഖാനയുമായി നടത്തിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാനെക്കുറിച്ച് സംവിധായകന്‍ ആരോപണങ്ങളഴിച്ചുവിട്ടത്. സിനിമയില്‍ ചെളി ഉള്ള ഭാഗത്തുകൂടി ഓടേണ്ട സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ സല്‍മാന് ചെളിയില്‍ തെന്നി വീണാലോ എന്ന ഭയമായിരുന്നു. ആളുകളുടെ മുന്നില്‍ വീണാല്‍ നാണംകെട്ടാലോ എന്ന് വാശി പിടിച്ച് ആ സീന്‍ ഉപേക്ഷിച്ചെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. ഇത്കൂടാതെ ലക്ഷങ്ങളാണ് സല്‍മാന്‍റെ ശരീരത്തിലെ പ്രായാധിക്യം മൂലമുള്ള മാറ്റങ്ങള്‍ ഒഴിവാക്കാന്‍ മുടക്കിയത് എന്നും സംവിധായകന്‍ പറഞ്ഞു.
സല്‍മാന്‍ ഖാന്‍റെ കണ്ണുകള്‍ക്ക് താഴെ ബാഗുകള്‍ (ചുളിഞ്ഞ് വീര്‍ത്ത അവസ്ഥ) ഉണ്ടെന്നും അവ ഒഴിവാക്കാനായി മാത്രം എട്ട് ലക്ഷമാണ് ചിലവാക്കിയത്. അനാവശ്യ ചിലവ് വന്നതോടെ ഷൂട്ടിങ് പ്രതിസന്ധിയിലായെന്നും സിനിമയുടെ നിര്‍മാതാവ് കൂടിയായിരുന്ന സല്‍മാന്‍ ഫണ്ട് നല്‍കിയില്ലെന്നും, സല്‍മാനും സല്‍മാന്‍റെ കുടുംബവും ക്രിമിനല്‍സാണെന്നും അഭിനവ് പറഞ്ഞു.
സല്‍മാന്‍ ഖാന്‍ സിനിമയില്‍ കാണുന്ന പോലെ ഫിറ്റായ ഒരു മനുഷ്യനല്ല എന്നായിരുന്നു അടുത്ത ആരോപണം. നടന്‍ കുഴിമടിയനാണ്. ജിമ്മിലൊന്നും പോകാറില്ല, ഷൂട്ടിങിന് മിനിറ്റുകള്‍ മുന്‍പ് കുറച്ച് പുഷ് അപ്പ് എടുക്കും എന്നത് മാത്രമാണ് വര്‍ക്കൗട്ടെന്ന് സംവിധായകന്‍ തുറന്നടിച്ചു. ദബംഗ് സമയത്ത് സല്‍മാന് ഓടാന്‍ പോലുമാകില്ലായിരുന്നു, മുഴുവന്‍ സ്റ്റന്‍ഡുകള്‍ക്കും ഡ്യൂപ്പുകളെയാണ് ഉപയോഗിച്ചത്. ചെറിയ സ്റ്റന്‍ഡുകള്‍ പോലും ഡ്യൂപ്പുകളാണ് ചെയ്തത്. നടന് സിക്സ് പാക്കില്ലെന്നും എന്നാല്‍ സ്ക്രീനില്‍ സിക്സ് പാക് വിഎഫ്എക്സ് വഴി വരുത്താറുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
2014ലെ ഏക് ദ ടൈഗര്‍ എന്ന സിനിമയുടെ മേക്കിങ് വിഡിയോയില്‍ വിഎഫ്എക്സ് ടീം സല്‍മാന്‍റെ വയറില്‍ സിക്സ് പാക്ക് ഉണ്ടാക്കിയ ഒരു ഭാഗം ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് ഈ വിഡിയോ പിന്‍വലിച്ചിരുന്നു. പിന്നീട് സല്‍മാന്‍ ഖാന്‍ എല്ലാ സിനിമകളിലും വിഎഫ്എക്സ് വഴിയാണ് ശരീരം കാണിച്ചിട്ടുള്ളത് എന്നും ഗോസിപ്പുകളുണ്ട്.