ഒരേ സമയം നടന്മാരുടെ അമ്മയും നായികയും ആയി വേഷമിട്ട മലയാളികളുടെ പ്രിയപ്പെട്ട കവിയൂർ പൊന്നമ്മ ഓർമ്മയായിട്ട് ഒരു വർഷം.
എല്ലാ അമ്മവേഷങ്ങളിലും തന്‍റേതായ കൈയൊപ്പു ചാർത്തിയും 70 ഓളം സിനിമകളിൽ നായികയായും പൊന്നമ്മ വേഷമിട്ടു.
എം.എസ്. സുബ്ബലക്ഷ്മിയെ പോലെ വലിയ പാട്ടുകാരിയാകണമെന്ന മോഹവുമായാണ് പൊന്നമ്മ കലാരംഗത്തേക്കെത്തിയത്. പതിനാലാമത്തെ വയസ്സിൽ നാടകങ്ങളിൽ പാടി. പിന്നീട് നാടകത്തിലൂടെ തന്നെ അഭിനയ രംഗത്തേക്ക്.
പതിറ്റാണ്ടുകള്‍ നീണ്ട അഭിനയസപര്യയില്‍ പകര്‍ന്നാടിയതില്‍ ഭൂരിപക്ഷവും അമ്മ വേഷങ്ങള്‍. 1965ൽ തൊമ്മന്‍റെ മക്കള്‍ എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിടുമ്പോൾ പ്രായം 22. ഇതേ വർഷം പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന സിനിമയിൽ സത്യൻ്റെ നായികയായും പൊന്നമ്മ അഭിനയിച്ചു.
മലയാളിയുടെ അമ്മ മുഖമായി മാറിയ കവിയൂർ പൊന്നമ്മ, പലതലമുറ നായകന്മാരുടെ അമ്മയായി നാനൂറിലധികം സിനിമകളിൽ വേഷമിട്ടു. സ്‌നേഹവാത്സല്യങ്ങളൂടെ ഒരാഴക്കടല്‍ തന്നെ അവര്‍ നമ്മെ അനുഭവിപ്പിച്ചിരുന്നു. 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു.
അങ്ങനെ സമാനതകളില്ലാത്ത ഭാവ, വേഷപ്പകര്‍ച്ചകളുമായി പതിറ്റാണ്ടുകള്‍ നീണ്ട അമ്മ വേഷത്തിലൂടെ കവിയൂര്‍ പൊന്നമ്മ നമ്മെ വിസ്മയിപ്പിച്ചു.