തമിഴ്നടന്‍ റോബോ ശങ്കറിന്‍റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി കാര്‍ത്തി. വിനാശകരമായ ചില തിരഞ്ഞെടുപ്പുകള്‍ കാലക്രമേണ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്നാണ് കാര്‍ത്തി എക്സില്‍ കുറിച്ചത്. 'വിനാശകരമായ ചില തിരഞ്ഞെടുപ്പുകള്‍ കാലക്രമേണ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു…ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയി…അദ്ദേഹത്തിന്‍റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം രേഖപ്പടുത്തുന്നു', കാര്‍ത്തി കുറിച്ചു.
റിയാലിറ്റി ഷോയുടെ ഷൂട്ടിനിടെ കുഴഞ്ഞുവീണതിന് പിന്നാലെയാണ് റോബോ ശങ്കര്‍ മരണപ്പെട്ടത്. അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച റോബോ ശങ്കറിന്റെ ശരീരഭാരം നന്നായി കുറഞ്ഞിരുന്നു. എന്നാൽ രോഗം മാറിയതിന് പിന്നാലെ തന്നെ ജോലിയിൽ പ്രവേശിച്ചു. പാചക റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ കരൾ, വൃക്ക എന്നിവ തകരാറിലാണെന്ന് കണ്ടെത്തി. രാത്രിയോടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
റോബോട്ടിക് നൃത്ത ചുവടുകളാണ് റോബോ ശങ്കർ എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചതിന് പിന്നിലെ കാരണം. മധുര സ്വദേശിയായ റോബോ ശങ്കർ പടയപ്പ അടക്കമുള്ള ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ബ്രേക്ക് ത്രൂ ഉണ്ടാകുന്നത് മാരിയിലൂടെ ആണ്. വിശ്വാസം, പുലി, സിംഗം 3, എന്നീ സിനിമകളിലും പ്രധാന വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. നിരവധി ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകരുടെ ഹൃദയം കവർന്നു. കമൽ ഹാസൻ അടക്കം നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ഇന്ന് വൈകുന്നേരം നടത്തും.
Google trending topic: robo shankar