അടുത്തിടെയാണ് നടി ഗ്രേസ് ആന്റണി വിവാഹിതയായത്. ഒന്‍പത് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. സംഗീത സംവിധായകനായ എബി ടോം സിറിയക്കാണ് ഗ്രേസിന്റെ ജീവിത സഖാവായത്. കൊച്ചി തുതിയൂരിൽ നടന്ന ലളിതമായ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തങ്ങളുടെ പ്രണയത്തെ പറ്റി സംസാരിക്കുകയാണ് ഗ്രേസും എബിയും. തന്‍റെ ഒരു ഡാന്‍സിന് വേണ്ടിയാണ് ആദ്യമായി എബിക്ക് മെസേജ് അയച്ചതെന്നും എന്നാല്‍ ഒരു മാസത്തിന് ശേഷമാണ് റിപ്ലെ തന്നതെന്നും ഗ്രേസ് പറഞ്ഞു. ഒരു വര്‍ഷത്തെ സൗഹൃദത്തിന് ശേഷം താന്‍ തന്നെയാണ് എബിയോട് പ്രണയം തുറന്നുപറഞ്ഞതെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഗ്രേസ് പറഞ്ഞു.
"ബിഎ ഭരതനാട്യം ചെയ്യുന്നതിനിടയ്ക്ക് എന്റെ ഡാൻസിന്റെ ആവശ്യത്തിനായി ഒരു സോങ് ചെയ്യാനാണ് ഞാൻ ആദ്യം എബിയെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിൽ ആണ് ആദ്യം മെസേജ് അയച്ചത്. എബി ചെയ്ത ഒരു വർക്ക് കണ്ട ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് ഞാൻ ആദ്യമായിട്ട് കോൺടാക്ട് ചെയ്യുന്നത്. ഒരുമാസം കഴിഞ്ഞിട്ടാണ് എനിക്ക് റിപ്ലൈ തന്നത്. അപ്പോഴേക്കും എന്റെ പരിപാടി ഒക്കെ കഴിഞ്ഞിട്ട് ഞാൻ പൂട്ടിക്കെട്ടി പോയി. വർക്കിന്റെ തിരക്ക് ആയിരുന്നു എന്ന് പറഞ്ഞു.
പിന്നെ ഞാൻ ഒരു ഷോർട്ട് ഫിലിം ചെയ്യുന്ന സമയത്ത് വീണ്ടും കോൺടാക്ട് ചെയ്തു. ഇനിയെങ്കിലും എനിക്കൊരു അവസരം തരാമോ എന്ന് ചോദിച്ചിട്ട്. നോക്കാം എന്നൊക്കെ പറഞ്ഞു. എപ്പോൾ മെസേജ് അയച്ചാലും ഒരുമാസം കഴിഞ്ഞാണ് മറുപടി തരുന്നത്. പിന്നെയാണ് അതൊരു സൗഹൃദം ആയത്. സൗഹൃദം ഒരു വർഷം പിന്നിട്ട ശേഷമാണ് അതൊരു ഇഷ്ടത്തിലേക്ക് മാറിയത്. ആദ്യം നല്ലൊരു സുഹൃത്ത് എന്ന രീതിയിൽ ആയിരുന്നു അങ്ങനെ പോയിരുന്നത്. ഞാൻ സിനിമയിൽ സജീവമാകും മുൻപാണിത്. അന്ന് ഹാപ്പി വെഡിങ് സിനിമ മാത്രമേ ചെയ്തിരുന്നുള്ളൂ.
വളരെ വലിയൊരു പ്രേമവും പ്രേമിച്ച് നടക്കലും ഒന്നും ഉണ്ടായിട്ടില്ല. എബി വളരെ പ്രാക്ടിക്കൽ ആയിട്ടുള്ള ആളാണ്. അങ്ങനെ പ്രേമിച്ച് നടക്കാനുള്ള സമയം എബിയ്ക്ക് ഇല്ല. ഒരു കാമുകൻ എന്നതൊന്നും എബിയിൽ പ്രതീക്ഷിക്കരുത് എന്ന് എനിക്ക് ആദ്യമേ ഉണ്ടായിരുന്നു. ഒരു നല്ല സുഹൃത്തായിട്ട് കൂടെ ഉണ്ടാവും എന്ന് മനസിലായി. ഒരു ആവശ്യം വന്നാൽ ഒപ്പം ഉണ്ടാവും. പിന്നെ എന്റെ ലൈഫിലെ എല്ലാ അപ്സ് ആൻഡ് ഡൗൺസും കൂടെ നിന്ന് കണ്ടിട്ടുണ്ട്. ഒരു ആവശ്യം വന്നാൽ നമുക്കൊരു സ്പേസ് തരുന്ന ആളാണ് എന്നുള്ളതിലാണ് ഞാൻ ആദ്യം അക്ട്ട്രാക്റ്റഡ് ആയത്. അപ്പോൾ തന്നെ നമുക്കൊരു അടുപ്പം വരും. അങ്ങനെ ആണ് എനിക്ക് തോന്നിയത് ജീവിതത്തിലും ഇയാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്. കൈ പിടിക്കാൻ ഒരാൾ ഉണ്ടാവും എന്ന് തോന്നി. പതിയെ ഞാൻ തന്നെയാണ് എബിയോട് എന്റെ താല്പര്യം പറഞ്ഞത്,' ഗ്രേസ് പറഞ്ഞു.
ഗ്രേസിന് ഇങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള പ്രായവും പക്വതയും ഒക്കെ ഉണ്ടോ എന്നാണ് താൻ ആദ്യം ചിന്തിച്ചതെന്നാണ് എബി പറഞ്ഞത്. 'കാരണം അന്ന് ഗ്രേസിന് 19 അല്ലെങ്കിൽ 20 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഞാൻ ഗ്രേസിനോട് പറഞ്ഞു നമ്മൾ നല്ല ഫ്രണ്ട്‌സ് ആണല്ലോ, നമുക്ക് ഒരു വർഷം നോക്കാം. എന്നിട്ട് നല്ല രീതിയിൽ പോകുന്നുണ്ട് എങ്കിൽ ഒരു സീരിയസ് റിലേഷനിലേക്ക് പോകാം എന്ന്. ഇത് പറഞ്ഞ് മൂന്നാമത്തെയോ നാലാമത്തെയോ ദിവസം ഞാൻ തിരിച്ച് ഐ ലവ് യു പറഞ്ഞു,' എബി പറഞ്ഞു.