Actors Deepika Padukone (L) and Prabhas attend a promotional event of their upcoming Indian epic science fiction dystopian film Kalki 2898 AD in Mumbai on June 19, 2024. (Photo by Sujit JAISWAL / AFP)

ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണിനെ കല്‍ക്കി 2898 AD യുടെ രണ്ടാം ഭാഗത്തില്‍ നിന്ന് പുറത്താക്കി. നിര്‍മാണക്കമ്പനിയായ വൈജയന്തി മൂവിസാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഗൗരവമേറിയ ആലോചയ്ക്ക് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് പറയുന്ന കുറിപ്പില്‍ ദീപികയ്ക്കെതിരെ ഗുരുതരമായ ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ആദ്യ ഭാഗം ദീപികയുമൊത്ത് ചെയ്തുവെങ്കിലും തുടര്‍ന്ന് ആ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കല്‍ക്കി 2898 AD പോലെയൊരു ചിത്രം കുറേക്കൂടി അര്‍പ്പണബോധം അര്‍ഹിക്കുന്നുണ്ടെന്നും. ദീപികയുടെ ഭാവി ചിത്രങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അവര്‍ കുറിച്ചു. പ്രഭാസ് നായകനായ ചിത്രത്തിന്‍റെ ആദ്യഭാഗത്തില്‍ അമിതാഭ് ബച്ചനും ദിഷ പട്ടാണിയും ദീപികയ്ക്ക് പുറമെ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. 

അതേസമയം, ദീപിക ഉയര്‍ത്തിയ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിര്‍മാണക്കമ്പനി വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് തനിക്ക് ലഭിച്ചതിനെക്കാള്‍ 25 ശതമാനം കൂടുതല്‍ പ്രതിഫലം വേണമെന്നതായിരുന്നു ദീപിക ഉന്നയിച്ച പ്രധാന ആവശ്യമെന്ന് ബോളിവുഡ് ഹംഗമ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസം ഏഴുമണിക്കൂര്‍ മാത്രമേ ഷൂട്ടിങിനായി ചെലവഴിക്കാന്‍ കഴിയൂവെന്നും ദീപിക വ്യക്തമാക്കിയതോടെ വഴി പിരിയാന്‍ നിര്‍മാണക്കമ്പനി തീരുമാനിക്കുകയായിരുന്നു.  

കല്‍ക്കി ഹെവി വിഎഫ്എക്സ് ചിത്രമായതിനാല്‍ തന്നെ ഏഴുമണിക്കൂറിലേറെ സമയം ചെലവഴിക്കേണ്ടി വരുമെന്നും ക്ഷീണമകറ്റുന്നതിനായി ദീപികയ്ക്ക് മതിയായ സൗകര്യമൊരുക്കാമെന്നും നിര്‍മാണക്കമ്പനി പറഞ്ഞു. എന്നാല്‍ ഇത് താരം നിരസിച്ചു. ഉയര്‍ന്ന വേതനമെന്ന ആവശ്യത്തില്‍ ചര്‍ച്ചയ്ക്ക് കമ്പനി  ശ്രമിച്ചുവെങ്കിലും  ദീപിക വഴങ്ങിയില്ല. പ്രഭാസ് പോലും വേതനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് നിര്‍മാതാവിന്‍റെ സുഹൃത്ത് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, 25 പേരോളം വരുന്ന സംഘമാണ് ദീപികയ്ക്കൊപ്പം സെറ്റുകളിലെത്തുന്നത്. ഇവരുടെ ചെലവുകള്‍ക്ക് പുറമെ ദീപികയ്ക്കായി പഞ്ചനക്ഷത്ര സൗകര്യമുള്ള താമസവും ഭക്ഷണവും ആവശ്യപ്പെട്ടുവെന്നും പ്രതിഫലത്തിന് പുറമെ ഈ ചെലവുകള്‍ നിര്‍മാതാക്കള്‍ വഹിക്കുന്നതെന്തിനാണെന്നും നിര്‍മാണക്കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

ദീപിക കല്‍ക്കിയില്‍ നിന്ന് പുറത്തായത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് പ്രഭാസിനൊപ്പം ചെയ്യേണ്ടിയിരുന്ന സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റില്‍ നിന്നും താരം പിന്‍മാറിയിരുന്നു. സന്ദീപുമായുള്ള പോര് പരസ്യമാകുകയും ചെയ്തു. എട്ടുമണിക്കൂര്‍ ജോലി സമയം, സിനിമയുടെ ലാഭവിഹിതം, തെലുങ്കില്‍ ഡയലോഗ് പറയാന്‍ കഴിയില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയതോടെയാണ് സിനിമയില്‍ നിന്നും ദീപിക പുറത്തായത്. തൃപ്തി ദിമ്രിയാണ്  ദീപികയ്ക്ക് പകരം നായികയായത്. 

ENGLISH SUMMARY:

Deepika Padukone's exit from Kalki 2898 AD has sparked controversy. The production house cited commitment issues and unmet demands as reasons for her departure, leading to widespread discussion.

Google trending topic: kalki 2898 deepika padukone