Image Credit: facebook/mohinichristina.srinivasan
ജീവിതത്തില്‍ കടുത്ത വിഷാദം ബാധിച്ച് ഏഴു പ്രാവശ്യം താന്‍ ജീവനൊടുക്കാന്‍ ഒരുങ്ങിയെന്ന് വെളിപ്പെടുത്തി നടി മോഹനി. ഭര്‍തൃവീട്ടുകാര്‍ തനിക്കെതിരെ കൂടോത്രം ചെയ്തുവെന്നും അതാണ് തന്നെ വിഷാദത്തിലേക്ക് തള്ളിയിട്ടതെന്നും അവര്‍ 'സിനിമാ വികടന്' നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'വിവാഹശേഷം ഭര്‍ത്താവും മക്കളുമായി സുഖമായി കഴിയുകയായിരുന്നു. പക്ഷേ പെട്ടെന്നൊരു കാരണവുമില്ലാതെ വിഷാദത്തിലേക്ക് വീണു. ജീവിതത്തില്‍ ഒരു പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും ജീവിതം മടുത്തു. ഇതോടെ ഏഴുവട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു'- മോഹിനി പറയുന്നു.
തന്നെ കാണാനെത്തിയ ജ്യോല്‍സ്യരാണ് ആരോ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ട് പോയതെന്നും അപ്പോള്‍ ചിരിച്ച് തള്ളിയെങ്കിലും പിന്നീട് അത് സത്യമാണെന്ന് തോന്നിയെന്നും അവര്‍ പറയുന്നു. 'അല്ലെങ്കില്‍ എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയും പ്രാവശ്യം ജീവിതം അവസാനിപ്പിക്കാന്‍ തോന്നുക?' മോഹിനി ചോദിക്കുന്നു. ഭര്‍ത്താവിന്‍റെ ബന്ധുവായ സ്ത്രീയാണ് തനിക്കെതിരെ ദുര്‍മന്ത്രവാദം ചെയ്തതെന്നും അവര്‍ പറയുന്നു. ക്രിസ്തുവിലുള്ള വിശ്വാസമാണ് തന്നെ വിഷാദത്തില്‍ നിന്നും കരകയറ്റിയതെന്നും മുന്നോട്ട് ജീവിക്കാന്‍ കരുത്തായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനി 2006ലാണ് ക്രിസ്തുമത വിശ്വാസം പിന്തുടരാന്‍ തുടങ്ങിയത്.
ഇരുപത് വര്‍ഷത്തോളം നീണ്ടു നിന്ന അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ശിവാജി ഗണേശന്‍, നന്ദമൂരി ബാലകൃഷ്ണ, വിജയകാന്ത്,വിക്രം, ശരത് കുമാര്‍,മോഹന്‍ബാബു, അക്ഷയ് കുമാര്‍ തുടങ്ങി മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി മോഹിനി. നാടോടി, പരിണയം, സൈന്യം, ഈ പുഴയും കടന്ന്, ഉല്ലാസപൂങ്കാറ്റ്, മായപ്പൊന്‍മാന്‍, പഞ്ചാബി ഹൗസ്, ഒരു മറവത്തൂര്‍ കനവ്, ഇന്നത്തെ ചിന്താവിഷയം, വേഷം, പട്ടാഭിഷേകം എന്നിങ്ങനെ ഒരുപിടി സൂപ്പര്‍ഹിറ്റുകളും മോഹിനിക്ക് മലയാളത്തിലുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)