പാലക്കാട് പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി ഓര്‍മയില്ലേ. നാട്ടുകാരുടെ കടുത്ത പ്രതിഷേധ ചൂടറിഞ്ഞു അടച്ചുപൂട്ടിയ കമ്പനിയില്‍ ഇപ്പോള്‍ ഷാജി പാപ്പാന്‍റെ ആടു 3 ചിത്രീകരണം നടക്കുകയാണ്. കാടുമൂടി കിടക്കുന്ന ഭൂമി ഒരു മിനി ഫിലിംസിറ്റിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്ലാച്ചിമടയിലെ കൊക്കൊകോള കമ്പനി. ഒരു കാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധ ഭൂമി. വര്‍ഷങ്ങളോളം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന ഇവിടെ ഇപ്പോള്‍ കേള്‍ക്കുന്നത് സ്റ്റാര്‍ട്ടും ആക്ഷനും കട്ടുമൊക്കെയാണ്. കാലങ്ങളായി അടഞ്ഞ് കിടന്ന സ്ഥലത്ത് സിനിമ ചിത്രീകരണമാണിപ്പോള്‍. സെറ്റൊരുക്കലൊക്കെയായി തിരക്കാണ്
സിനിമ ആട് 3 യുടെ പ്രധാനഭാഗമൊരുക്കുന്നത് ഫാക്‌ടറി നിന്നിടത്താണ്. കമ്പനി അടച്ച് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് ഇവിടെ ഒരു അനക്കമുണ്ടാകുന്നത് പോലും കൂറ്റന്‍ കെട്ടിടങ്ങളും റോഡും വിശാലമായ ഭൂമിയുമൊക്കെ ഏറെ അനുകൂലമാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നുണ്ട്. ജില്ലാ കലക്‌ടര്‍ വഴി സര്‍ക്കാര്‍ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയത്. സെന്‍റിനു പ്രത്യേക നിരക്കില്‍ വാടക നിശ്‌ചയിച്ചാണ് ഭൂമി ചിത്രീകരണത്തിനു കൈമാറിയത്
കാടുമൂടി കിടന്ന സ്ഥലം മനോഹരമാക്കി മാറ്റാനാകുമെന്നും ഭാവിയില്‍ കൂടുതല്‍ സിനിമകള്‍ക്കിവിടെ വേദിയാക്കുമെന്നും പിന്നണി പ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നുണ്ട്. ഒരു മിനി ഫിലിംസിറ്റിക്കു അനുയോജ്യമായ ഭൂമിയാണെന്ന് കൊക്കൊകോള കമ്പനി മൂലം കുടിവെള്ളം മുട്ടിയ നാട്ടുകാരുടെ നഷ്‌ടപരിഹാരം തേടിയുള്ള സമരം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ചിത്രീകരണത്തിനു നല്‍കുക വഴി കിട്ടുന്ന തുക നഷ്‌ടപരിഹാരത്തിലേക്ക് നല്‍കിയാല്‍ അതും ആശ്വാസമാകും. കാടുമൂടി നശിക്കുന്ന ദുരിതത്തിനു പരിഹാരമാവുകയും ചെയ്യും.