നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ഇനി നിര്‍മാതാവും. ബേസില്‍ ജോസഫ് എന്‍റര്‍ടെയിന്‍റ്മെന്‍റ്സ് എന്ന പേരില്‍ നിര്‍മാണക്കമ്പനി പുറത്തിറക്കിയിരിക്കുകയാണ് താരം. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു എന്ന കുറിപ്പോടെയാണ് ബേസില്‍ ഇക്കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 

‘വീണ്ടും, പുതിയൊരു തുടക്കം. ഇതുവരെ ചെയ്യാത്ത ഒരു കാര്യം  പരീക്ഷിക്കുന്നു - സിനിമ നിർമ്മാണം. 'എങ്ങനെ' എന്ന് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ ഒന്നുറപ്പാണ്: കൂടുതൽ മികച്ചതും, ധീരവും, പുതുമയുള്ളതുമായ കഥകൾ പറയണം.ഈ പുതിയ വഴി നമ്മളെ എവിടെയെത്തിക്കുമെന്ന് നോക്കാം.ബേസിൽ ജോസഫ് എന്റെർടെയിൻമെൻറിലേക്ക് സ്വാഗതം.’ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പോസ്റ്റിനൊപ്പം ഒരു ആനിമേഷന്‍ വിഡിയോയും ബേസില്‍ പങ്കുവെച്ചിട്ടുണ്ട്. ബേസിലിന്‍റെ സ്വതസിദ്ധമായ ചിരിയും ആനിമേറ്റഡ് വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ടൊവിനോ, ആന്‍റണി വര്‍ഗീസ് പെപ്പെ, തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസാ കമന്‍റുകളുമായി രംഗത്തെത്തിയത്. അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ ഞാൻ അല്ലേ നായകൻ എന്നാണ് ടൊവിനോ കമന്‍റ് ചെയ്തത്. ബേസിലിന്‍റെ ചിരിയെക്കുറിച്ചുള്ള നിരവധി കമന്‍റുകളും പോസ്റ്റിന് താഴെയുണ്ട്. ഈ ചിരി നമുക്ക് തിയറ്ററില്‍ കേള്‍ക്കാന്‍ സാധിക്കട്ടെ എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്.

ENGLISH SUMMARY:

Basil Joseph launches a new production company named 'Basil Joseph Entertainments'. This venture marks his foray into film production with a vision to create better, bolder, and innovative stories in Malayalam cinema.