അടുത്തിടെ പുറത്തുവന്നതില്‍ ഏറ്റവുമധികം പരിഹാസവും വിമര്‍ശനവുമേറ്റ ചിത്രമാണ് പരംസുന്ദരി. ജാൻവി കപൂർ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം ഉത്തരേന്ത്യക്കാരനായ യുവാവും മലയാളിയായ യുവതിയും തമ്മിലുള്ള പ്രണയവും സംഘർഷങ്ങളുമെല്ലാമാണ് പറഞ്ഞത്. എന്നാൽ ചിത്രത്തിലെ ജാന്‍വി കപൂറിന്‍റെ മലയാളം ഉച്ഛാരണത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ചിത്രത്തിലെ ഒരു പാട്ടിന്‍റെ മലയാളം വരികളും സ്ഥിരം ഉപയോഗിക്കുന്ന മുല്ലപ്പൂവും വള്ളംകളിയുമെല്ലാം ഉപയോഗിച്ചതിനെതിരെയും വിമര്‍ശനമുയര്‍ന്നു.
എന്നാല്‍ പരംസുന്ദരി മാത്രമല്ല, ചില മലയാളം ചിത്രങ്ങളും അന്യദേശക്കാരെ മോശമായി ചിത്രീകരിച്ചു എന്ന വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. പഞ്ചാബി ഹൗസ് പഞ്ചാബികളെ മോശമായി കാണിച്ചുവെന്നും പാണ്ടിപ്പട തമിഴരെ മോശമാക്കിയെന്നും എന്‍.എസ്.മാധവന്‍ എക്സില്‍ കുറിച്ചു.
'മലയാളി അവതരിപ്പിച്ചിരിക്കുന്ന രീതി വച്ച് നോക്കുമ്പോള്‍ പരംസുന്ദരി വളരെ മോശമാണ്. എന്നാല്‍ പഞ്ചാബി ഹൗസ് നോക്കൂ, സിഖുകാര് കരുണയുള്ളവരാണ്, എന്നാല്‍ കോമഡിയുമാണ്. അല്ലെങ്കില്‍ പാണ്ടിപ്പട നോക്കൂ, തമിഴന്മാരെ പരിഹസിക്കുകയാണ്. ഭാവനാശൂന്യരായ സിനിമാക്കാർ എല്ലായിടത്തും ഉപയോഗിക്കുന്ന ഒരു ചുരുക്കെഴുത്താണ് സ്റ്റീരിയോടൈപ്പിംഗ്,' എന്‍.എസ്.മാധവന്‍ കുറിച്ചു.