തന്റെ പേരും ചിത്രങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെ ഹര്‍ജിയുമായി ഭര്‍ത്താവും നടനുമായ ബച്ചനും. ബോളിവുഡ് സെലിബ്രിറ്റികളുടെ ടീ-ഷർട്ടുകൾ നിർമ്മിക്കുന്ന ബോളിവുഡ് ടീ ഷോപ്പ് എന്ന വെബ്‌സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ ഹർജി നൽകിയതെന്നാണ് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്. തന്‍റെ ഐഡന്‍റിറ്റ് അനുമതിയില്ലാതെ ഉപയോഗിക്കുന്നതുവഴി ആളുകള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ഹര്‍ജിയില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇത്തരം വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നിർദേശം പുറപ്പെടുവിക്കണമെന്നും എല്ലാ ഓൺലൈൻ വെബ്‌സൈറ്റ് ലിങ്കുകളും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും അഭിഷേക് ബച്ചൻ തന്റെ ഹർജിയിൽ ആവശ്യപ്പെട്ടു. പ്രതികൾ കൃത്രിമബുദ്ധി ഉപയോഗിച്ച് അഭിഷേകിന്‍റെ വിഡിയോകൾ നിർമ്മിക്കുകയും, അദ്ദേഹം ഒപ്പിട്ടതായി പറയപ്പെടുന്ന വ്യാജ ഫോട്ടോകൾ സൃഷ്ടിക്കുകയും, ചിത്രങ്ങളുള്‍പ്പെടെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പ്രവീൺ ആനന്ദ് പറഞ്ഞു.

നേരത്തേ സമാന പരാതിയുമായി നടി ഐശ്വര്യ റായ് കോടതിയില്‍ എത്തിയിരുന്നു. തന്‍റെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഐശ്വര്യ ഹര്‍ജി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ ഐശ്വര്യയുടെ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഉള്ളടക്കങ്ങള്‍ വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ലൈംഗിക താല്‍പര്യങ്ങള്‍ക്കായി മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങൾ ഉള്‍പ്പെടെ പ്രചരിക്കുന്നതായും ഐശ്വര്യയുടെ അഭിഭാഷകനായ അഭിഭാഷകൻ സന്ദീപ് സേത്തി പറഞ്ഞിരുന്നു. ഇതിനുപുറമെ ഐശ്വര്യയുടെ ചിത്രങ്ങളുള്ള വാൾപേപ്പറുകള്‍, ടീ-ഷർട്ടുകള്‍, കോഫി മഗുകള്‍ എന്നിവ വിൽക്കുന്നതായും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ വാദം കേട്ട കോടതി അനുമതിയില്ലാതെ ചിത്രങ്ങൾ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Soon after Aishwarya Rai approached the Delhi High Court over misuse of her name and images, actor Abhishek Bachchan has also filed a petition. The case targets a website selling Bollywood celebrity T-shirts, allegedly using his identity, AI-generated fake videos, and morphed photos without consent. Bachchan urged the court to block such websites and remove related links from the internet to prevent public deception. This follows Aishwarya Rai’s plea against unauthorized commercial use and AI-based morphed images of her.