അത്തം നാളില്‍ പാതാളത്ത് ജനനം. താമസം തൃക്കാക്കരയില്‍. അതോ മാവേലില്‍ എന്ന് പേരുള്ള വീട്ടിലും. ഉപജീവനത്തിന് കരുത്തേകിയതാകട്ടെ ദേ മാവേലി കൊമ്പത്തും. നടനും സംവിധായകനുമായ നാദിര്‍ഷായെ കുറിച്ചാണ്. ജനിച്ചതുമുതല്‍ ഇങ്ങോട്ട് ജീവിതത്തിന്‍റെ ഭാഗമായ ഓണത്തിന്‍റെ ആകസ്മികതകളെ കുറിച്ച് നാദിര്‍ഷ മനോരമ ന്യൂസിനോട് സംസാരിച്ചു.
ദേ മാവേലി കൊമ്പത്ത്. ഓണാഘോഷങ്ങള്‍ക്ക് പൂര്‍ത്തിയാകണമെങ്കില്‍ ദേ മാവേലി കൊമ്പത്തിന്‍റെ കാസറ്റ് കൂടി കേള്‍ക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന കാലം. 94ല്‍ തുടങ്ങി പതിനെട്ട് വര്‍ഷക്കാലം ഓണത്തിന് മലയാളിയെ ചിരിപ്പിച്ച ബ്രാന്‍ഡ്. മിമിക്രിയില്‍നിന്ന് ജീവിതം കരുപിടിപ്പിച്ചപ്പോഴും തുടക്കകാലത്ത് നാദിര്‍ഷായ്ക്കും ദീലിപിനും ഉള്‍പ്പടെ ഉപജീവനത്തിന് കരുത്തായത് ദേ മാവേലി കൊമ്പത്ത് കാസറ്റുകളിലെ വരുമാനമായിരുന്നു. മുപ്പതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജന്മംകൊണ്ട ദേ മാവേലി കൊമ്പത്തിനെ വീണ്ടുമൊരു ഓണക്കാലത്ത് ഓര്‍ക്കുകയാണ് നാദിര്‍ഷ.
2012ലാണ് ദേ മാവേലി കൊമ്പത്ത് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമാസംഗീതത്തിന്‍റെ കോപ്പിറൈറ്റ് ഉള്‍പ്പടെ കര്‍ശനമായപ്പോള്‍ ദേ മാവേലി കൊമ്പത്ത് നിലച്ചു. ദേ മാവേലി കൊമ്പത്തിന്‍റെ നല്ലോര്‍മകള്‍ക്കൊപ്പമാണ് ഓണവും തന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ആകസ്മികതകള്‍ നാദിര്‍ഷ പറഞ്ഞതും