വിഷ്ണു ഉണ്ണികൃഷ്ണന്‍, അക്ഷയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന 'മാജിക് മഷ്റൂംസ്' ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ ഒരു ചെറുപ്പക്കാരന്‍റെ സ്വപ്നസാക്ഷാത്കാരമാണ്. മാജിക് മഷ്റൂംസിന്‍റെ തിരക്കഥാകൃത്ത് ആകാശ് ദേവ് മനോരമ ന്യൂസിനോട് സംസാരിക്കുന്നു.
ചെറുപ്പം മുതലേ സിനിമ ആകാശ് ദേവിന് ഒരു സ്വപ്നമല്ല, ഒരു ജീവിതലക്ഷ്യമായിരുന്നു. വീട്ടിലെ ഡിവിഡികൾ വീണ്ടും വീണ്ടും കാണുന്നതായിരുന്നു പ്രധാന വിനോദം. ഇടുക്കി കഞ്ഞിക്കുഴിയിലെ ഒരു മലയോര ഗ്രാമത്തിൽ നിന്നാണ് ആകാശിന്റെ സിനിമാ യാത്ര ആരംഭിക്കുന്നത്. സിനിമയുമായി ബന്ധമുള്ള ആരുമില്ലാത്ത കഞ്ഞിക്കുഴി എന്ന മലയോര ഗ്രാമത്തില്‍ നിന്നായിരുന്നു ആ തുടക്കം. കലോത്സവങ്ങളിലും ആർട്സ് പരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്ന ആകാശിന് പ്ലസ് ടുവില്‍ പഠിക്കുമ്പോൾ ജില്ലാ തലത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ ആത്മവിശ്വാസം നൽകി. സ്കൂളില്‍ പഠിക്കുമ്പോൾ കണ്ട ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ‘ പുതിയൊരു കാഴ്ചാനുഭവമായി. അതോടെ ലിജോയുടെ ആരാധകനായി. ഒരിക്കൽ സ്കൂളിൽ പോകാതെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അഭിമുഖം കണ്ടിരുന്നുവെന്നത് ഇന്ന് ആകാശ് ചിരിയോടെ ഓർക്കുന്നു. അത്രത്തോളം സിനിമ സ്വാധീനിച്ചിരുന്നു.
തുടക്കം പെല്ലിശേരി സിനിമയില്‍
സംവിധായകൻ രഞ്ജിത്തിന്റെ അഭിമുഖം കണ്ടാണ് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലേക്ക് എത്തിയത്. അക്കാലത്താണ് കോളേജില്‍ ‘അങ്കമാലി ഡയറീസി‘ന്‍റെ ഒഡീഷന്‍ നടക്കുന്നത്. സീനിയര്‍ ചേട്ടന്‍ താനറിയാതെ എഴുതിച്ചേര്‍ത്ത പേര് വിളിച്ചത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ അന്നത്തെ പെർഫോമൻസിന് വലിയ കയ്യടി ലഭിച്ചു. രണ്ട് മാസത്തിന് ശേഷം വിളിയും വന്നു. അങ്ങനെ സിനിമയിൽ ഷാപ്പിൽ മുയലിറച്ചിയുടെ പേരിൽ പെപ്പെയോട് അടി ഉണ്ടാക്കുന്ന ‘കൊളുത്ത് ജെയ്സൺ’ ആയി ആകാശ് പ്രേക്ഷകർക്ക് മുൻപിലെത്തി. പിന്നാലെ ‘ഈമയൗ‘വിലും ‘ജല്ലിക്കെട്ടി‘ലും വേഷങ്ങൾ ലഭിച്ചു. എന്നാല്‍ അഭിനയമല്ല തന്റെ യഥാർഥ മേഖലയെന്ന് ആകാശ് തിരിച്ചറിഞ്ഞിരുന്നു. അതിനുശേഷമുള്ള വർഷങ്ങളൊക്കെയും സംവിധാനത്തിന്റെ പിന്നാമ്പുറത്തായിരുന്നു.
ആകാശ് ദേവ്
‘മാജിക് മഷ്റൂംസ്‘; ആദ്യ സ്വപ്നസാക്ഷാത്കാരം
‘മാജിക് മഷ്റൂംസ്‘ ആകാശിന്റെ നാലാമത്തെ തിരക്കഥയായിരുന്നു. സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് വിഷ്ണു ഉണ്ണികൃഷ്ണനെ സമീപിക്കുന്നത്. ഓരോ ഡിപാര്‍ട്ട്മെന്‍റിലും ആളുകളുമായി ഒരു ഫുള്‍ ക്രൂവിനൊപ്പമാണ് ആകാശ് പോയത്. പക്ഷേ ഇൻവെസ്റ്റേഴ്സിന്റെ പ്രശ്നങ്ങൾ കാരണം പ്രോജക്ട് വഴിമുട്ടി. ആ ഘട്ടത്തിലാണ് വിഷ്ണു, ആകാശിനെ നാദിർഷയുടെ അടുത്തേക്ക് കൊണ്ടുപോകുന്നത്. അദ്ദേഹം തിരക്കഥകൾ അന്വേഷിക്കുന്ന സമയമായിരുന്നു. തുടർന്ന് നാദിര്‍ഷ ‘മാജിക് മഷ്റൂംസ്‘ ഏറ്റെടുത്തു. ഒപ്പം അസിസ്റ്റന്‍റ് ഡയറ്ടറായി ആകാശും പഴയവും ക്രൂവും കൂടി.
പേരിലെ കൗതുകം
‘മാജിക് മഷ്റൂംസ്’ എന്ന പേര് വെറും കൗതുകമല്ല. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്‍റെ ‘ഏകാന്തതയുടെ 100 വര്‍ഷങ്ങളും‘ പെട്രോ പരാമോയുെട എഴുത്തുകളും സ്വാധീനിച്ച ആകാശിന്‍റെ സിനിമയിലുടനീളം മാജിക്കൽ റിയലിസം എന്ന കോണ്‍സെപ്റ്റുണ്ട്. കൂണുകളും സിനിമയിലെ രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധവും ചേർന്നതാണ് ഈ പേര്. പ്രണയവുമായി ബന്ധപ്പെടുത്തി പറയുന്ന ഒരു സിനിമാറ്റിക് അനുഭവമാണ് ‘മാജിക് മഷ്റൂംസ്‘.
അയോൺ; ഇന്നത്തെ യുവാക്കളുടെ പ്രതീകം
സിനിമയിലെ നായകൻ അയോൺ ഇന്നത്തെ പല യുവാക്കളെയും പ്രതിനിധീകരിക്കുന്നു. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് പോയാൽ മതിയെന്ന് മാത്രം ആഗ്രഹിക്കുന്ന, വ്യക്തമായ ലക്ഷ്യങ്ങളോ ആത്മവിശ്വാസമോ ഇല്ലാത്ത ഒരു യുവാവ്. അയോണിലൂടെ സമൂഹത്തിലെ ഒരു വിഭാഗം യുവാക്കളുടെ മനസികാവസ്ഥയാണ് അവതരിപ്പിക്കുന്നത്.
സിനിമ ഒരു ഗൗരവമായ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. അത് പ്രേക്ഷകര്‍ കണ്ട് തന്നെ അറിയൂ എന്ന് ആകാശ് പറയുന്നു. നല്ല സിനിമകൾ ചെയ്താൽ പ്രേക്ഷകർ അവയെ സ്വീകരിക്കും എന്ന ആത്മവിശ്വാസമാണ് ആകാശിന് കൈമുതലായുള്ളത്. ആ പ്രതീക്ഷയില്‍ ‘മാജിക് മഷ്റൂംസ്‘ ജനുവരി 23ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്.