Image Credit: Facebook.com/navas.kalabhavan.1
മരണപ്പെട്ട കലാഭവന്‍ നവാസിന് മരണാനന്തര ഇന്‍ഷൂറന്‍സ് ക്ലെയിമായി എല്‍ഐസി വഴി 26 ലക്ഷം രൂപ ലഭിച്ചെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി സഹോദരന്‍ നിയാസ് ബക്കർ. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ കുടുംബാംഗങ്ങള്‍ ദുഃഖിതരാണെന്നും നിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഏഴു വര്‍ഷം പ്രീമിയം അടച്ചിരുന്നെന്നും മരണാനന്തര ഇന്‍ഷൂറന്‍സ് ക്ലെയിമായി എല്‍ഐസി വഴി 26 ലക്ഷം രൂപ നല്‍കിയെന്നുമാണ് നവാസിന്‍റെ ചിത്രം വച്ചുള്ള കുറിച്ച്. എൽഐസിയുടെ ഔദ്യോഗിക രേഖകളൊന്നുമില്ലാതെയായിരുന്നു പ്രചാരിച്ച പോസ്റ്റ്. ഈ പോസ്റ്റ് പങ്കുവച്ചാണ് നിയാസിന്‍റെ കുറിപ്പ്.
ഓഗസ്റ്റ് ഒന്നിനാണ് സിനിമ ചിത്രീകരണം കഴിഞ്ഞ ഹോട്ടല്‍ മുറിയിലെത്തിയ നവാസ് കുഴഞ്ഞുവീണ് മരിക്കുന്നത്. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയപ്പോഴായിരുന്നു കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം,
സുഹൃത്തുക്കളെ... നവാസ്‌ക്കയുടെ വേർപ്പാടിന് ശേഷം. LIC യുടെ പേരിൽ, പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പോസ്റ്റ് തികച്ചും ഫേക്കാണ്.
LIC യിൽ നിന്നും " DEATH CLAIM വഴി 26 ലക്ഷം" കുടുംബത്തിന് കൈമാറിയെന്നാണ് വ്യാജ വാർത്ത.
ഇത്, വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്റുകൾ ശ്രമിക്കുന്നത്.
ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതുവഴി ഞങ്ങൾ, കുടുംബാംഗങ്ങൾ വളരെ ദുഃഖിതരാണ്.
ആരുംതന്നെ വഞ്ചിതരാകരുത്