TOPICS COVERED

നടൻ നവാസിന് മരണാനന്തര ഇൻഷുറൻസ് ക്ലെയിം ആയി എൽഐസി 26 ലക്ഷം രൂപ നൽകിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ. എൽഐസിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നതുപോലെ ഒരു ക്ലെയിമും തങ്ങൾക്ക് ലഭിച്ചിട്ടില്ല. എൽഐസിയുടെ ഔദ്യോഗിക രേഖകളൊന്നുമില്ലാതെ നവാസിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ഏഴു ലക്ഷം പ്രീമിയം അടച്ച നവാസിന് 26 ലക്ഷം ക്ലെയിം ആയി നൽകിയെന്ന് പ്രചരിക്കുന്നത്. ‘ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും നിങ്ങളോടൊപ്പം’ എന്ന എൽഐസിയുടെ ടാഗ്‌ലൈനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. 

‘എന്റെ സഹോദരൻ നവാസിന് 26 ലക്ഷം രൂപ എൽഐസി ഇൻഷുറൻസ് ക്ലെയിം ആയി കിട്ടി എന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നാണ് എനിക്ക് ആദ്യമേ പറയാനുള്ളത്. ഞങ്ങൾ ഒന്നിനും വയ്യാത്ത സാഹചര്യത്തിലാണ്. ഇതിനിടയിലാണ് നവാസിന് എൽഐസി ഇൻഷുറൻസ് ക്ലെയിം ആയി 26 ലക്ഷം രൂപ തന്നു എന്ന ഒരു വാർത്ത ശ്രദ്ധയിൽ പെടുന്നത്. വാട്സാപ്പിൽ ഷെയർ ചെയ്തു കിട്ടിയ ഒരു പോസ്റ്റർ ആൾക്കാർ അയച്ചു തരുമ്പോഴാണ് ഞങ്ങൾ അറിയുന്നത്. അത്തരമൊരു സംഭവം നടന്നിട്ടില്ല എന്നിരിക്കെ ആരാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല, ഇത് ചെയ്തത് ആരായാലും വലിയൊരു ദ്രോഹമാണ് ചെയ്തത്. ഞങ്ങൾക്ക് മാത്രമല്ല ആരെപ്പറ്റി ഇങ്ങനെ അസത്യപ്രചാരണം നടത്തിയാലും അത് മോശമാണ്. പത്തു പൈസയുടെ ഗതിയില്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ ഒരു പ്രചാരണം നടത്തിയാൽ കിട്ടാനുള്ളത് കൂടി ഇല്ലാതെയാകും.

ഞങ്ങളെ സംബന്ധിച്ച് നവാസ് ചെയ്ത വർക്കുകളുടെ പേയ്മെന്റ് ഒക്കെ കിട്ടാനുണ്ട്. ഇത്രയും പണം ഞങ്ങൾക്ക് കിട്ടി എന്നുകരുതി അത് തരാൻ അമാന്തിക്കാനും സാധ്യതയുണ്ട്. ഈ ചെയ്തത് ഒരു ഉപദ്രവമാണ്’– നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ പറഞ്ഞു.

ENGLISH SUMMARY:

Nawas' insurance claim news is false, according to his brother Niyas Backer. The news circulating about LIC providing 26 lakh rupees as an insurance claim is baseless and untrue.