12 വർഷം മുൻപ്, ഓണക്കാലത്ത് ഇറങ്ങിയ പാട്ട്. ഇതിനിടെ പല ഓണപ്പാട്ടുകളും വന്നു പോയെങ്കിലും വെറും അഞ്ചു വരിയുള്ള ഈ പാട്ട് മലയാളികൾ വീണ്ടും വീണ്ടും കേട്ടു. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന് പാടി അഭിനയിച്ച കുസൃതി കുടുക്ക ഇന്ന് വലിയ പാട്ടുകാരിയാണ്.
2013 മുതൽ ഈ പാട്ട് റിപ്പീറ്റ് അടിച്ചു കേട്ടവരാണ് നമ്മൾ. ഇതിൽ അഭിനയിച്ച ആ കൊച്ചു മിടുക്കി ഇപ്പോൾ വലിയ ഗായികയായി. സംഗീത സംവിധായകൻ ബിജിബാലിന്റെ മകൾ ദയ. ആൽബത്തിന്റെ ഷൂട്ട് നടക്കുമ്പോൾ, ദയയ്ക്ക് അഞ്ചുവയസ്സ് കഴിഞ്ഞതേയുള്ളൂ. ഇപ്പോൾ, പ്ലസ് വൺ വിദ്യാർഥിനിയാണ്.
ബിജിബാലും സുഹൃത്തും തുടങ്ങിയ യൂട്യൂബ് ചാനലിലാണ്, പാട്ട് ഇറക്കിയത്. ദയക്കുട്ടിയെ അഭിനയിപ്പിക്കാൻ അത്ര പാടുപെടേണ്ടി വന്നില്ലെന്ന് ബിജിബാൽ. പാട്ടിലും ദൃശ്യങ്ങളിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ആ കുട്ടിത്തം തന്നെ. കുഞ്ഞിരാമായണത്തിലും തണ്ണീർ മത്തൻ ദിനങ്ങളിലും ദയക്കുട്ടിയുടെ മനോഹര ശബ്ദം നമ്മൾ വീണ്ടും കേട്ടു. അച്ഛനും ചേട്ടൻ ദേവദത്തും സംഗീത പഠനത്തിൽ ദയയ്ക്ക് വഴികാട്ടിയാകുന്നു. കഥകും ഭരതനാട്യവും അഭ്യസിക്കുന്നുണ്ട് ദയ.