ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ യൂട്യൂബറായ ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന് ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തെ പിന്തുണച്ച് ബിജെപി നേതാവ് യുവരാജ് ​ഗോകുൽ.ഇത്തരം ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടക്കണമെന്നും, അതില്‍ കുറഞ്ഞുള്ള പുരോഗമനം മതിയെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

'ഗുരുവായൂരിലെ പുണ്യാഹത്തിന്റെ കാര്യത്തിൽ പുരോഗമനവാദികള്‍ എന്ന് വിളിക്കുന്ന ഒരു വിഭാഗം വലിയ തോതില്‍ നിലവിളിയുമായ് എത്തിയത് ശ്രദ്ധയില്‍ പെട്ടു. പലരും വിഷയത്തിലെ അഭിപ്രായവും ചോദിക്കുന്നുണ്ട്. ഗുരുവായൂരുള്‍പ്പെടെയുള്ള ക്ഷേത്ര പരിസരങ്ങളില്‍ ഫോട്ടോയോ വീഡിയോ എടുക്കുന്നത് വിലക്കുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. അതിന്‍റെ കാര്യകാരണങ്ങള്‍ പറയേണ്ട വേദി ഇതല്ല അതുകൊണ്ട് പറയുന്നില്ല.

പക്ഷേ ആ ഫോട്ടോയും വീഡിയോയും എടുക്കാന്‍ അവകാശം ഭക്തര്‍ക്ക് മാത്രമാണ്. ചിലര്‍ക്ക് ഫോളോവേഴ്സ് കൂട്ടാന്‍ തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല നമ്മുടെ ക്ഷേത്രങ്ങള്‍. ഫോട്ടോഷൂട്ട് കേന്ദ്രങ്ങളല്ലെന്ന് അര്‍ത്ഥം. അത്തരം ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടക്കണം. അതില്‍ കുറഞ്ഞുള്ള പുരോഗമനം മതി.

ഇത് ചെയ്തത് ക്ഷേത്രത്തില്‍ ഭക്തി കൊണ്ടെത്തുകയും ശേഷം മനോഹരമായ ഒരു കുളമോ അരയാലോ ഒക്കെ കാണുബോള്‍ ഫോട്ടോയോ വീഡിയോയോ എടുക്കുകയോ ചെയ്ത ആളാണേല്‍ അഭിപ്രായം മറ്റൊന്നായേനെ'. ക്ഷേത്രങ്ങളെ ഫോട്ടോഷൂട്ട് കേന്ദ്രങ്ങളായി മാത്രം കാണുന്നവര്‍ വരണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഹൈക്കോടതിയുടെ നിരോധനം മറികടന്നാണ് യൂട്യൂബറായ ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് യുവതി ക്ഷമാപണം നടത്തുകയും വിഡിയോകൾ പിൻവലിക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

Guruvayur temple controversy arises after a YouTuber filmed reels in the temple pond, leading to calls for purification rituals. BJP leader Yuvraj Gokul supports the rituals, emphasizing temples are for devotees, not photoshoots.