നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തിയ പാപ്പരാസികള്‍ക്കെതിരെ നടി ആലിയ ഭട്ട്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും സുരക്ഷാപ്രശ്നമാണെന്നും ചൂണ്ടിക്കാട്ടിയ ആലിയ ഭട്ട് വിഡിയോ നീക്കണമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു. 'മുംബൈ പോലൊരു നഗരത്തില്‍ സ്ഥലം പരിമിതമാണ്. നിങ്ങളുടെ ജനലില്‍ നിന്നുള്ള കാഴ്ച മറ്റൊരാളുടെ വീട്ടിലേക്കായിരിക്കാം. ഇത് ഒരാളുടെ സ്വകാര്യ ഇടം വിഡിയോ ചിത്രീകരിക്കാനും ഓണ്‍ലൈനില്‍ പങ്കിടാനുമുള്ള അവകാശമല്ല' എന്നാണ് ആലിയ ഭട്ട് പറയുന്നത്.
നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ ദൃശ്യങ്ങള്‍ വിവിധ പബ്ലിക്കേഷനുകള്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ അറിവോ അനുവാദമോ ഇല്ല. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും സുരക്ഷാ പ്രശ്നവുമാണ്. അനുവദമില്ലാതെ ഒരാളുടെ സ്വകാര്യഇടം ചിത്രീകരിക്കുന്നത് കണ്ടന്‍റല്ലെന്നും ലംഘനമാണെന്നും ഇത് അംഗീകരിക്കാന്‍ പാടില്ലെന്നും ആലിയ ഭട്ട് എഴുതി. ഇത്തരം ദൃശ്യങ്ങളുള്ള സുഹൃത്തുക്കള്‍ അവ പിന്‍വലിക്കണമെന്നും ആലിയ ഭട്ട് ആവശ്യപ്പെട്ടു.
സ്വന്തം വീടിനുള്ളിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയാല്‍ നിങ്ങള്‍ സഹിക്കുമോ? ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ അത് പങ്കിടരുത്. മീഡിയയിലുള്ള സുഹൃത്തുക്കള്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ഉടന്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു എന്നും കുറിപ്പിലുണ്ട്. ആലിയയുടെയും രണ്‍ബീര്‍ കപൂറിന്‍റെയും സ്വപ്ന ഭവനമായ കൃഷ്ണരാജ് ബംഗ്ലാവ് 250 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. ആറു നില ബംഗ്ലാവിന്‍റെ നിര്‍മാണം മൂന്ന് വര്‍ഷമായി നടക്കുകയാണ്.
വീടിന്‍റെ നിര്‍മാണം പൂര്‍ണതയിലേക്ക് എത്തുകയാണെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ദീപവലിക്ക് അടുപ്പിച്ച് കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ നവംബര്‍ എട്ടിന് മകള്‍ രഹ കപൂറിന്‍റെ മൂന്നാം പിറന്നാള്‍ പുതിയ വീട്ടിലായിരിക്കും നടക്കുക. നിലവില്‍ രൺബീറും ആലിയയും ബാന്ദ്രയിലെ അപ്പാർട്ട്‌മെന്‍റായ വാസ്തുവിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്.