Image:Facebook/Instagram
ബോളിവുഡിലെ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റാണ് ദര്‍ശന്‍ യെവലേക്കര്‍. സല്‍മാന്‍ ഖാന്‍റെ പേഴ്സണല്‍ ഹെയര്‍ സ്റ്റൈലിസ്റ്റായി കരിയര്‍ പടുത്തുയര്‍ത്തിയ ദര്‍ശന്‍ ഇന്ന് ഒട്ടുമിക്ക ബിഗ് ബജറ്റ് ചിത്രങ്ങളിലെയും ഒഴിച്ചുകൂടാനാകാത്ത സ്റ്റൈലിസ്റ്റായി മാറിയിരിക്കുകയാണ്. പത്മാവത് എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്, ലാല്‍ കപ്താനിലെ സെയ്ഫ് അലിഖാന്‍ എന്നിങ്ങനെ വെല്ലുവിളി നിറഞ്ഞ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ഹെയര്‍ സ്റ്റൈല്‍ ഒരുക്കിയത് ദര്‍ശനാണ്. ഇപ്പോഴിതാ തന്‍റെ കരിയറില്‍ ഏറ്റവുമധികം ഭയന്നുപോയ നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദര്‍ഷന്‍. ഒരു നാഷ്ണല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ദര്‍ഷന്‍ തന്‍റെ അനുഭവം പങ്കുവച്ചത്.
ദര്‍ശന്‍റെ വാക്കുകള്‍ ഇങ്ങനെ..'സല്‍മാല്‍ ഖാന്‍റെ മുടി വെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ എന്‍റെ കയ്യിലെ കത്രിക കൊണ്ട് അദ്ദേഹത്തിന്‍റെ ചെവി മുറിഞ്ഞു. ഇന്നത്തെ പോലെ ട്രിമ്മറുകളൊന്നും ഇല്ലാത്ത കാലമായിരുന്നു അത്. ഞാന്‍ ആകപ്പാടെ പേടിച്ചുവിറച്ചുപോയി. അദ്ദേഹം എങ്ങനെ പ്രതികരിക്കും ഒന്നോര്‍ത്ത് വിയര്‍ത്ത് ഉരുകിയ നിമിഷമായിരുന്നു അത്. എന്നാല്‍ എന്നെ ഞെട്ടിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തെല്ലുപോലും അദ്ദേഹം ദേഷ്യപ്പെട്ടില്ല. നല്ലപോലെ വേദനിച്ചിട്ടും ഒരക്ഷരം മിണ്ടിയില്ല. ഒരു പ്രശ്നവും ഉണ്ടാക്കാതെ എന്‍റെ ജോലി പൂര്‍ത്തിയാകും വരെ അദ്ദേഹം ഇരുന്നുതന്നു' – ദര്‍ശന്‍ പറഞ്ഞു.
സല്‍മാന്‍ ഖാന്‍ തനിക്ക് ജ്യേഷ്ഠനെപ്പോലെയാണെന്ന് ദര്‍ശന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 17 വയസുമുതല്‍ സല്‍മാന്‍ ഖാന്‍റെ ഹെയര്‍ സ്റ്റൈലിങ് അസിസ്റ്റന്‍ഡായി കൂടെ കൂടിയതാണ് ദര്‍ശന്‍. തന്‍റെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകള്‍ക്കും കാരണം സല്‍മാനാണെന്നും ദര്‍ശന്‍ പറയുന്നു. ഒരു ചെറുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന തന്നെ ലോകം കാണിച്ചതും നല്ല വസ്ത്രങ്ങള്‍ ധരിക്കാന്‍ സഹായിച്ചതും നല്ല ജീവിതസാഹചര്യം ഉണ്ടാക്കിത്തന്നതും സല്‍മാനാണെന്നും ദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. സല്‍മാനില്‍ നിന്നുണ്ടായ മറക്കാനാകാത്ത മറ്റൊരു അനുഭവവും ദര്‍ശന്‍ പങ്കുവച്ചു.
'ലണ്ടനിലെ മാഡം തുസ്സാദ്‌സ് മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ മെഴുകുപ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നല്ല വസ്ത്രങ്ങളുണ്ടോ എന്ന് സല്‍മാന്‍ സര്‍ എന്നെ വിളിച്ച് ചോദിച്ചു. എന്‍റെ മറുപടി ലഭിക്കും മുന്‍പ് തന്നെ അദ്ദേഹത്തിന്‍റെ വാർഡ്രോബിൽ നിന്ന് ഒരു സ്യൂട്ട് തിരിഞ്ഞെടുത്തുകൊളളാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. . എനിക്ക് അദ്ദേഹത്തെ ഏഴ് വർഷമായി അറിയാം. അദ്ദേഹമൊരു വലിയ മനസ്സിനുടമയാണ് - ദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.