ട്രെയിലര്‍ ഇറങ്ങിയത് തൊട്ട് വന്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയ ജാന്‍വി കപൂര്‍ സിനിമയാണ് പരം സുന്ദരി. സിനിമയില്‍ മലയാളി നായികയായാണ് നടി എത്തുന്നത്. ദേഖപ്പെട്ട സുന്ദരി ദാമോദരന്‍ പിള്ള എന്ന പേര് തൊട്ട് സിനിമയിലെ 'ചുവപ്പുനിറത്തിലെ സാരിയില്‍ ഞങ്ങള്‍ എല്ലാം ഡെയ്ഞ്ചര്‍ ആണല്ലോ' എന്ന പാട്ടടക്കം മലയാളത്തെ വികൃതമാക്കുകയാണെന്ന പേരില്‍ എയറിലാണ്. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്കിടെ സിനിമയെക്കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ജാന്‍വി കപൂര്‍. സിനിമയില്‍ താന്‍ പൂര്‍ണമായും ഒരു മലയാളി കഥാപാത്രത്തെയല്ല ചെയ്യുന്നത് മറിച്ച് ഒരു തമിഴ് – മലയാളി ദമ്പതികളുടെ മകളായിട്ടാണ് അഭിനയിക്കുന്നത് എന്നാണ് ഇ.ടി ഡിജിറ്റലുമായുള്ള അഭിമുഖത്തില്‍ നടി പ്രതികരിച്ചത്.
തന്‍റെ അമ്മ ശ്രീദേവിയെക്കുറിച്ചും ജാന്‍വി അഭിമുഖത്തില്‍ സംസാരിച്ചു. തന്‍റെ അമ്മ ഒരു തമിഴ്നാട്ടുകാരിയായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്കാരവും മറ്റും തന്നെ ആകര്‍ഷിച്ചിട്ടുണ്ട്, തനിക്ക് മലയാളം സിനിമയോട് വലിയ താല്‍പര്യമാണ് എന്നും നടി പ്രതികരിച്ചു. പരം സുന്ദരി സിനിമ ഒരു മികച്ച അനുഭവമായിരുന്നു. വളരെ രസകരമായ കഥയാണ് സിനിമയ്ക്കുള്ളത്, തനിക്കതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന 'പരംസുന്ദരി' കഴിഞ്ഞ ദിവസങ്ങളിലെല്ലാം പുലിവാല് പിടിച്ചിരിക്കുകയായിരുന്നു. നായികയുടെ 'ദേഖപ്പെട്ട സുന്ദരി ദാമോദരന്‍ പിള്ള' എന്ന പേരിന് പുറമെ 'തേങ്ക'യും മുല്ലപ്പൂവുമൊക്കെ കേട്ട മലയാളികളൊന്നടങ്കം പറഞ്ഞത് ഞങ്ങളുടെ കേരളം ഇങ്ങനെയല്ല എന്നാണ്. പിന്നാലെ സോഷ്യല്‍ മീഡിയ പേജുകള്‍ പരംസുന്ദരി ട്രെയിലറിനെ എയറിലാക്കി. എന്നാല്‍ പരംസുന്ദരി ടീമുകള്‍ ഇത്തരം വിഡിയോകള്‍ക്ക് കോപ്പിറൈറ്റ് അടിച്ചത് വീണ്ടും വിവാദത്തിനിടയാക്കി. 'കുളമാക്കി വക്കുന്നതും പോര വിമര്‍ശനവും പാടില്ലേ' എന്നായി പിന്നെ വന്ന വിമര്‍ശനം.
ചിത്രത്തിനെതിരെ നടിയും ഗായികയുമായ പവിത്ര മേനോനും രംഗത്തെത്തിയിരുന്നു. ഒരു മലയാളി നടിയെ കണ്ടെത്താന്‍ ഇത്ര പ്രയാസമാണോ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പവിത്ര ചോദിച്ചത്. ഒരു മലയാളി എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ഞങ്ങൾ എല്ലായിടത്തും മുല്ലപ്പൂവ് വച്ച് മോഹിനിയാട്ടം കളിച്ചു നടക്കുകയല്ല,' പവിത്ര പറഞ്ഞു