റിലീസിന് മുന്‍പേ തന്നെ ട്രോളുകളില്‍ ഇടംപിടിച്ച ചിത്രമാണ് 'പരം സുന്ദരി'. ചിത്രത്തിലെ നായികയുടെ ഭാഷയായിരുന്നു ട്രോളുകള്‍ക്ക് കാരണമായത്. മലയാളിയായ നായികയായി ചിത്രത്തിലെത്തിയത് ജാന്‍വി കപൂര്‍ ആയിരുന്നു. എന്നാല്‍ മലയാളം തീരെ വഴങ്ങാത്ത 'ദേഖപ്പെട്ട സുന്ദരി ദാമോദരന്‍ പിളള'യെന്ന ജാന്‍വിയെ കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം ഞെട്ടി. ചിത്രത്തിലെ 'ചുവപ്പ് കളര്‍ സാരിയില്‍' എന്നുതുടങ്ങുന്ന ഗാനവും ട്രോളുകള്‍ വാരിക്കൂട്ടി. ഇപ്പോഴിതാ ചിത്രത്തില്‍ ആള്‍ക്കൂട്ട സീനില്‍ മാത്രം മുഖം കാണിച്ചുമടങ്ങിയ യഥാര്‍ത്ഥ മലയാളി താരത്തെ കണ്ട ഞെട്ടലിലാണ് ആരാധകര്‍. ഒരൊറ്റ കണ്ണിറുക്കലിലൂടെ ഇന്‍റര്‍നെറ്റ് സെന്‍സേഷനായി മാറിയ പ്രിയ പ്രകാശ് വാര്യരാണ് ആ താരം. മലയാളം, തമിഴ് , തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരം എന്തുകൊണ്ട് ഇത്രയും ചെറിയ കഥാപാത്രമായി പരം സുന്ദരിയിലെത്തി എന്നാണ് ആരാധകരുടെ ചോദ്യം.
പരം സുന്ദരിയില്‍ പ്രിയ വാര്യരെ കണ്ടവര്‍ എന്തുകൊണ്ട് ചിത്രത്തില്‍ നായികയായി പ്രിയയെ കാസറ്റ് ചെയ്തില്ല എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട്. മലയാളം തീരെ വശമില്ലാത്ത ജാന്‍വിയെക്കാള്‍ എത്രയോ ഭേദമാണ് മലയാളിയായ പ്രിയ വാര്യര്‍ എന്നും സോഷ്യല്‍ ലോകം ചോദിക്കുന്നു. അന്യഭാഷകളിലും നായികയായി തിളങ്ങിയ പ്രിയ കേവലമൊരു ആള്‍ക്കൂട്ട സീനില്‍ അഭിനയിക്കാന്‍ എങ്ങനെ തയാറായി എന്നും സോഷ്യലിടത്ത് ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. അജിത് നായകനായെത്തിയ തമിഴ് ചിത്രം 'ഗുഡ് ബാഡ് അഗ്ലി'യാണ് പ്രിയ വാര്യരുടേതായി ഒടുവില്‍ റീലീസ് ചെയ്ത് ചിത്രം. ചിത്രത്തിലെ തൊട്ടു തൊട്ടു പേസും സുല്‍ത്താന എന്ന ഗാനത്തിലെ പ്രകടനത്തിന് പ്രിയയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി സിമ്രാന്‍ അനശ്വരമാക്കിയ ഗാനം അതേ പകിട്ടോടെ തന്നെയായിരുന്നു പ്രിയ പുനരാവിഷ്കരിച്ചത്.
അതേസമയം തുഷാർ ജലോട്ട സംവിധാനം ചെയ്ത് സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന കഥപാത്രങ്ങളായെത്തിയ 'പരം സുന്ദരി' തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മഡ്ഡോക്ക് ഫിലിംസിന്‍റെ ബാനറില്‍ ദിനേഷ് വിജന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.