അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ എത്തിയ നടന്‍ ഇ.എ.രാജേന്ദ്രന്‍റെ വിഡിയോ വൈറലായിരുന്നു. മെലിഞ്ഞ് ക്ഷീണിതനായാണ് വിഡിയോയില്‍ രാജേന്ദ്രന്‍ കാണപ്പെട്ടത്. പിന്നാലെ താരത്തിന്‍റെ ആരോഗ്യം സംബന്ധിച്ച് നിരവധി പേരാണ് അന്വേഷണവുമായി രംഗത്തെത്തിയത്. അതിനിടക്ക് അമ്മയില്‍ പെന്‍ഷന്‍ വാങ്ങാനെത്തിയതാണെന്നുള്ള പരിഹാസ കമന്‍റുകളും വന്നിരുന്നു. ഇതിനെല്ലാം മറുപടി നല്‍കുകയാണ് രാജേന്ദ്രന്‍. 

താന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം തടി കുറച്ചതാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു. സൗത്ത് ഇന്ത്യയില്‍ ഏറ്റവുമധികം സീരിയലുകള്‍ നിര്‍മിക്കുന്ന തനിക്ക് എന്തിനാണ് അമ്മയുടെ പെന്‍ഷന്‍ എന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജേന്ദ്രന്‍ ചോദിച്ചു. 

'ഷുഗര്‍ നിയന്ത്രിക്കാന്‍ ഡോക്​ടറുടെ നിര്‍ദേശപ്രകാരം തടി കുറച്ചതാണ്. പിന്നെ പ്രായവും കൂടിവരികയല്ലേ. സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സീരിയല്‍ പ്രൊഡ്യൂസ് ചെയ്യുന്ന പ്രൊഡ്യൂസറാണ് ഞാന്‍. ജര്‍മനിയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ ആളുകള്‍ വിളിക്കുന്നുണ്ട്. ഞാന്‍ ഇത്ര വലിയ ആളായെന്ന് ഇപ്പോഴാണ് മനസിലായത്. 

ഞാന്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഡ്യൂസറാണ് എനിക്ക് എന്തിനാണ് അമ്മയുടെ പെന്‍ഷന്‍. ഞാന്‍ വന്നതിന്‍റെ പ്രധാനകാരണം ദേവനാണ്. ദേവന്‍ എന്‍റെ കസിനാണ്, അത് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന് വേണ്ടി വോട്ട് ചെയ്യാനാണ് ഞാന്‍ വന്നത്,' രാജേന്ദ്രന്‍ പറഞ്ഞു. 

കമന്‍റുകള്‍ക്ക് മറുപടി കൊടുത്തതിനെ പറ്റി രാജേന്ദ്രന്‍റെ ഭാര്യയും നടിയുമായ സന്ധ്യ രാജേന്ദ്രനും സംസാരിച്ചു. 'പ്രായം വരുമ്പോള്‍ നമുക്ക് കുറേ മാറ്റം ഉണ്ടാകാറുണ്ട്. ചേട്ടന്‍റെ ആരോഗ്യപ്രശ്നം വച്ച് അധികം ഭാരം കൂടരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. കുറേ നാളായ ഡയറ്റ് നിയന്ത്രിക്കുന്നുണ്ട്. ആളുകള്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ സന്തോഷം തോന്നി. 

എന്നാല്‍ ചില ആളുകളുണ്ട്. വലിയ അസുഖമാണ്, അല്ലെങ്കില്‍ മറ്റ് അസുഖമാണ് എന്നൊക്കെ ആധികാരികായി പറയുന്നവര്‍. അതില്‍ ഒരാള്‍ക്ക് ഞാന്‍ മറുപടി കൊടുത്തു. നിനക്ക് ഇതെങ്ങനെ ഇത്ര ആധികാരികമായി എഴുതാന്‍ സാധിച്ചു. ഊഹം വച്ചിട്ട് ഒരാളുടെ കാര്യങ്ങള്‍ പറയാന്‍ പാടില്ല. അത് ഭയങ്കര തെറ്റാണ്. കുറഞ്ഞത് എന്ത് പറ്റി എന്നത് അന്വേഷിക്കുക. നീ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്ന ഒരുപാട് കമന്റുകള്‍ വന്നില്ലേ. അതുകൊണ്ട് ശ്രദ്ധിക്കണം എന്ന് പറഞ്ഞാണ് കമന്‍റ് ഇട്ടത്,' സന്ധ്യ പറഞ്ഞു. 

ENGLISH SUMMARY:

E.A. Rajendran, a Malayalam actor, clarifies his recent weight loss was due to doctor's advice and addresses pension rumors. He also emphasizes his successful career as a serial producer and his support for his cousin Devan in the Amma organization election.