ജെഎസ്കെ സിനിമയില്‍ തനിക്ക് യോജിക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ഉണ്ടായിരുന്നുവെന്ന് നടി അനുപമ പരമേശ്വരന്‍. ജാനകി എന്ന പേരിനോട് അനുബന്ധിച്ചുണ്ടായ വിവാദത്തോട് ഒട്ടും യോജിക്കാനാവില്ലെന്നും അനുപമ പറഞ്ഞു. സിനിമ സംസാരിച്ച രാഷ്ട്രീയവും ഒരു പ്രശ്നമായിരിക്കാമെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞു.
'ജെഎസ്കെയ്ക്ക് അത്ര സ്വീകാര്യത ലഭിക്കാതിരുന്നതില്‍ അതിന്‍റേതായ കാരണങ്ങളുണ്ട്. എനിക്ക് യോജിക്കാന്‍ പറ്റാത്ത പല കാര്യങ്ങളുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ വായിച്ച സ്ക്രീപ്റ്റില്‍ ഇല്ലാത്ത പല കാര്യങ്ങളും അതിലുണ്ട്. രാഷ്ട്രീയമായി യോജിക്കാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്. അതിനെ കുറ്റം പറയാന്‍ പറ്റില്ല. കേള്‍ക്കുന്ന കഥയായിരിക്കില്ല പലപ്പോഴും ഷൂട്ട് ചെയ്യുന്നത്. അതില്‍ മാറ്റം വരും. അതുംകൂടിയാണ് സിനിമ.
ഞാന്‍ കമ്മിറ്റ് ചെയ്തത് ജാനകിയുടെ കഥയാണ്. മൂന്നാല് കൊല്ലം മുന്നേ ഞാന്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ അത് ജാനകിയുടെ കഥയായിരുന്നു. പിന്നീട് സുരേഷേട്ടനും ഈ കഥയിലേക്ക് വന്നത് നമുക്ക് സഹായകമായി. അത്രയും റീച്ച് ഈ സിനിമക്ക് കിട്ടാന്‍ കാരണം സുരേഷേട്ടനാണ്. അപ്പോള്‍ സ്ക്രിപ്റ്റും കുറച്ച് വികസിച്ചു. അത് എനിക്ക് അറിയില്ലായിരുന്നു.
സുരേഷേട്ടന്‍റെ കൂടെ എനിക്ക് ഒരു കോടതി രംഗം മാത്രമേയുള്ളൂ. അത് കഴിഞ്ഞ് സിനിമയില്‍ നടന്ന ബാക്കി കാര്യങ്ങള്‍ എനിക്ക് അറിയില്ലായിരുന്നു. പ്രോമോഷന്‍റെ സമയത്തും ഞാന്‍ സിനിമ കണ്ടിട്ടില്ല. വിവാദം ഉണ്ടായപ്പോഴാണ് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നറിയാന്‍ സിനിമ കണ്ടത്. ജാനകി എന്ന പേരുമായുണ്ടായ വിവാദത്തോട് ഒട്ടും യോജിക്കുന്നില്ല. പിന്നെ മറ്റ് ചില ഡയലോഗുകളും എനിക്ക് രാഷ്ട്രീയപരമായി യോജിക്കാന്‍ പറ്റുന്നതല്ല. സിനിമ സംസാരിച്ച രാഷ്ട്രീയവും ഒരു പ്രശ്നമായിരിക്കാം. ചിലപ്പോള്‍ അത് സംസാരിക്കേണ്ടിയിരുന്നില്ലായിരിക്കും,' അനുപമ പറഞ്ഞു.