വിവാഹിതരായ പുരുഷന്മാരുമായി ബന്ധങ്ങളെന്ന ആരോപണത്തില്‍ പ്രതികരിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്. ഇത്തരം പരാമര്‍ശങ്ങള്‍ മോശം മാനസികാവസ്ഥയുടെ അടയാളങ്ങളാണെന്ന് കങ്കണ പ്രതികരിച്ചു. ഹൃത്വിക് റോഷനുമായും ആദിത്യ പഞ്ചോളിയുമായും ബന്ധപ്പെട്ട് കങ്കണയ്ക്കെതിരെ വാര്‍ത്തയുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോര്‍ട്ടുകള്‍ താരങ്ങള്‍ നിഷേധിച്ചിരുന്നു.
'ചെറുപ്പവും ലക്ഷ്യബോധവുമുള്ള ആളാകുമ്പോള്‍ വിവാഹിതനും കുട്ടികളുമുള്ള പുരുഷൻ നിങ്ങളോട് അടുക്കാൻ ശ്രമിച്ചാൽ ഒരു ബന്ധത്തിലുള്ള ആളുമായി പ്രണയത്തിലാവുന്നു എന്നു പറയാം. ഇതൊരു പുരുഷന്റെ തെറ്റല്ല. ആളുകൾ എപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളെ കുറ്റപ്പെടുത്താൻ ഒരു വഴി കണ്ടെത്തും. ചിലതരം വസ്ത്രങ്ങൾ ധരിച്ചതിനോ രാത്രി വൈകി പുറത്തിറങ്ങിയതിനോ കുറ്റപ്പെടുത്തുന്നത് നോക്കൂ. ഇതെല്ലാം തെറ്റായ മാനസികാവസ്ഥയുടെ അടയാളങ്ങളാണ്' എന്നും കങ്കണ പറഞ്ഞു. ഹോട്ടർഫ്ലൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണയുടെ പ്രതികരണം,
കഴിഞ്ഞ ദിവസം ലിവ്ഇന്‍ ബന്ധങ്ങളെ വിമര്‍ശിച്ചുള്ള കങ്കണയുടെ വാക്കുകള്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. സ്ത്രീകൾക്കാണ് ഇത്തരം ബന്ധങ്ങളിൽ ഏറ്റവും വലിയ ബാധ്യത നേരിടേണ്ടിവരുന്നതെന്നാണ് കങ്കണ പറഞ്ഞത്. 'പുരുഷന്മാർക്ക് ഏത് സ്ത്രീയെയും ഗർഭിണിയാക്കി വിട്ട് പോകാൻ കഴിയും. സ്ത്രീയുടെ ജീവിതമാണ് മുഴുവനായും ബാധിക്കപ്പെടുന്നത്. അതിനാൽ സ്ത്രീകൾ ഇത്തരം ബന്ധങ്ങളിൽ കൂടുതൽ സൂക്ഷിക്കേണ്ടി വരും'- കങ്കണ വിശദീകരിച്ചു. മതപ്രഭാഷകനായ അനിരുദ്ധാചാര്യ മഹാരാജ് നടത്തിയ പ്രസ്താവനയ്ക്കെതിരെ ദിഷ പഠാനിയുടെ സഹോദരി ഖുഷ്ബു പഠാനി തുറന്ന നിലപാട് എടുത്തതിനു പിന്നാലെയാണ് കങ്കണ രംഗത്തുവന്നത്.