ആരും കൊതിച്ചു പോകുന്ന ഉൽസവാന്തരീക്ഷത്തിൽ മഴവിൽ മനോരമ പുരസ്കാരം സ്വീകരിച്ച് മോഹൻലാൽ. മഴവിൽ മനോരമ എന്‍റര്‍ടെയിന്‍മെന്‍റ് അവാർഡ് എന്‍റര്‍ടെയ്നർ ഓഫ് ദ ഇയർ പുരസ്ക്കാരം മോഹൻലാലിന്. മുപ്പതിലധികം പുരസ്കാരങ്ങളാണ് ഗംഭീരമായ ചടങ്ങിൽ വിതരണം ചെയ്തത്. മലയാള സിനിമയിലെ ടൈംലസ് എന്‍റര്‍ടെയ്നർ പുരസ്കാരം ജനർദനന് ചടങ്ങിൽ സമ്മാനിച്ചു.
താരങ്ങൾ നിറഞ്ഞാടിയ ആഘോഷരാവിൽ ആസ്വാദകരാഗ്രഹിച്ച കൈകളിലേക്കാണ് മഴവിൽ എന്റർടൈൻമെൻറ് അവാർഡ്സ് ഇത്തവണയും എത്തിയത്. ഏഴ് പുരസ്ക്കാരങ്ങളുമായി മോഹൻലാൽ ചിത്രം തുടരും ഗംഭീരമാക്കി. ചിത്രത്തിലെ ഹൈവോൾട്ടേജ് പ്രകടനത്തിനാണ് മികച്ച നടനുള്ള എന്‍റര്‍ടെയ്നർ ഓഫ് ദ ഇയർ പുരസ്ക്കാരം മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ സ്വീകരിച്ചത്.
പൊന്മാനിലും, സംശയത്തിലും, HER ലും നിറഞ്ഞാടിയ ലിജോമോൾ ജോസിനാണ് മികച്ച നടിക്കുള്ള എൻ്റർടെയ്നർ ഓഫ് ദ ഇയർ പുരസ്കാരം. മികച്ച സിനിമക്ക് എം.രഞ്ജിത്തും, സംവിധായകനായി തരുൺ മൂർത്തിയും, മികച്ച ജോഡിയായി മോഹൻലാലും ശോഭനയും, വില്ലനായി പ്രകാശ് വർമയും, സംഘട്ടത്തിന് സ്റ്റണ്ട് സിൽവയും, അപ്കമിങ് ആക്റ്ററായി ബിനു പപ്പുവും തുടരും സിനിമയിലൂടെ പുരസ്കാരം സ്വന്തമാക്കി.
റൈഫിൾ ക്ലബിലെ വെടിച്ചില്ല് പ്രകടനത്തിന് അനുരാഗ് കശ്യപ് മികച്ച വില്ലനുള്ള പുരസ്കാരം പങ്കിട്ടു. പ്രത്യേക ജൂറി പരാമർശത്തിന് കുഞ്ചാക്കോ ബോബനും, ആസിഫ് അലിയും അർഹരായി. വൈവിധ്യമാർന്ന പ്രകടനത്തിന് ടോവിനോ തോമസും, ഓൾറൗണ്ട് പെർഫോമൻസിന് ബേസിൽ ജോസഫും പുരസ്കാരങ്ങൾ സ്വീകരിച്ചു. ടൈംലസ് എൻ്റർടെയ്നർ പുരസ്കാരം ജനാർദനനാണ് സ്വന്തമാക്കിയത്
ബോക്സോഫീസിൽ പ്രകമ്പനം സൃഷ്ടിച്ച L2 എമ്പുരാന് വേണ്ടി ആൻ്റണി പെരുമ്പാവൂരും, ഗോകുലം ഗോപാലനും സംവിധായകൻ ജോഷിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. സംവിധായകനും നടനുമുള്ള മാസ്റ്റർ എൻ്റർടെയ്നർ പുരസ്കാരങ്ങൾ സിബി മലയിലും, ജയറാമും സ്വന്തമാക്കി. കിഷ്കിന്ദകാണ്ഠത്തിലൂടെ സ്വഭാവനടനുള്ള പുരസ്കാരം വിജയരാഘവനും, പ്രിൻസ് ആൻഡ് ഫാമിലിയിലൂടെ ബിന്ദു പണിക്കർ നർമാഭിനയത്തിനുള്ള പുരസ്കാരവും കൊണ്ടുപോയി.
വിവിധ സിനിമകളിലെ മികച്ച പ്രകടനത്തിന് സിജു സണ്ണി അപ്കമിങ് ആക്ടർക്കുള്ള പുരസ്കാരം പങ്കിട്ടു. അപ്കമിങ് ഡയറക്ടർ, ആക്ട്രസ് പുരസ്കാരങ്ങൾ കിഷ്കിന്ദകാണ്ഠത്തിൻ്റെ സംവിധായകൻ ദിൻജിത്ത് അയ്യത്താനും, പ്രിൻസ് ആൻഡ് ഫാമിലിയിലെ അഭിനയത്തിന് റാനിയ റാണയും സ്വന്തമാക്കി.
എ.ആർ.എമ്മിൻ്റെ സംവിധായകൻ ജിതിൻ ലാലാണ് മികച്ച നവാഗത സംവിധായകൻ. മൂൺവാക്കിലെ ചടുലമായ നൃത്തച്ചുവടുകളാണ് പി.ശ്രീജിത്തിന് മികച്ച കൊറിയോഗ്രാഫർക്കുള്ള പുരസ്കാരം നേടിക്കൊടുത്തത്. വേദിയെ തീപിടിപ്പിച്ച് താരങ്ങൾ വേദിയിൽ ചുവടുവെച്ചപ്പോൾ പുരസ്കാര നിശക്കെത്തിയ ആസ്വാദകർക്കത് ഇരട്ടിമധുരമായി
സിനിമ, വാണിജ്യരംഗത്തെ നിരവധി പ്രമുഖരാണ് പുരസ്കാര നിശയിൽ പങ്കെടുത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഗാനവും ആസ്വാദകർക്ക് പുത്തൻ അനുഭവമായി.