നരിവേട്ടയിലെ മിന്നൽ വള എന്ന ​ഗാനം വൻ ഹിറ്റായതിന് ശേഷം സിദ് ശ്രീറാം പാടിയ അടുത്ത മലയാള ഗാനം പുറത്ത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, മോഹൻലാൽ നായകനായെത്തുന്ന ഹൃദയപൂർവം എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി.

സിദ് ശ്രീറാം ആലപിച്ച ‘വെണ്മതി’ എന്ന ഗാനം ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. മനു മഞ്ജിതും രാജ് ശേഖറും ചേർന്നാണ് വരികളെഴുതിയിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരനാണ് ​ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഗാനത്തിൽ സിനിമയുടെ മേക്കിങ് ദൃശ്യങ്ങളുമുണ്ട്. സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം 10 വർഷത്തിന് ശേഷമാണെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. എന്നും എപ്പോഴും എന്ന ചിത്രമാണ് നേരത്തേ ഈ കൂട്ടുകെട്ടിലിറങ്ങിയത്.

ഹൃദയപൂർവ്വം ഓണം റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സോനു ടി.പി സംഭാഷണവും തിരക്കഥയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റേതാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർരാണ് ചിത്രം നിർമ്മിക്കുന്നത്.