ബോളിവുഡില്‍ നിന്നും യുവ നടന്‍മാര്‍ക്കായി വഴിമാറിക്കൊടുത്തുകൂടേയെന്ന ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടിയുമായി സൂപ്പര്‍താരം ഷാറുഖ് ഖാന്‍. ആരാധകരുമായി സമൂഹമാധ്യമമായ എക്സില്‍ നടത്തിയ #AskSRK സെഷനിലാണ് താരത്തിന്‍റെ മറുപടി. 'പ്രായമായില്ലേ, വിരമിച്ച് യുവ നടന്മാർക്ക് അവസരം നൽകിക്കൂടെ' എന്ന ആരാധകന്‍റെ ചോദ്യത്തിന് വളരെ ശാന്തമായിട്ടായിരുന്നു മറുപടി. 'ഭായ്, ഒരുമാതിരി കുട്ടികളെ പോലെ ചോദിക്കാതെ നല്ല ചോദ്യങ്ങള്‍ ചോദിക്കൂവെന്ന്' ഷാറുഖ് തിരിച്ചടിച്ചു. 'അങ്ങനെ ചോദിക്കാന്‍ പഠിക്കുന്ന സമയം വരെ നിങ്ങള്‍ വിശ്രമിക്കൂ'വെന്നും താരം കൂട്ടിച്ചേര്‍ത്തു. താരത്തിന്‍റെ ഈ തമാശ കലർന്ന മറുപടിക്ക് വലിയ കയ്യടിയാണ് ലഭിച്ചത്. സിനിമ മേഖലയില്‍ നായകര്‍ വരും പോകും. എന്നാല്‍ കിങ് ഖാന് പകരം വയ്ക്കാന്‍ മറ്റൊന്നിനും ആകില്ലെന്ന് ആരാധകര്‍ കുറിച്ചു.

'ജവാൻ' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിന് 'ദേശീയ പുരസ്‌കാരം ബഹുമതിയേക്കാള്‍ വലിയ ഉത്തരവാദിത്തമാണെന്നും കൂടുതല്‍ കഠിനാധ്വാനം ചെയ്യാൻ ഇത് തന്നെ പ്രേരിപ്പിക്കുന്നു' എന്നുമായിരുന്നു മറുപടി. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തിന് നിലവിൽ പരുക്ക് ഭേദമായി വരുന്നതിനാൽ ഫിസിയോതെറാപ്പിയും വായനയും സിനിമയുടെ ഡയലോഗുകൾ മനപ്പാഠമാക്കുന്നതുമൊക്കെയാണ് തന്‍റെ പ്രധാന ഹോബിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

മകന്‍ ആര്യന്‍ഖാന്‍റെ പുതിയ സീരിയസ് ടീസര്‍ ഓഗസ്റ്റ് 17 ന് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനവും ഷാറുഖ് നടത്തി. 'കിങ്' എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളും ഷാറുഖ് ആരാധകരുമായി പങ്കുവെച്ചു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാറുഖിനൊപ്പം മകൾ സുഹാന ഖാനും അഭിനയിക്കുന്നുണ്ട്. ദീപിക പദുകോൺ, റാണി മുഖർജി, അഭിഷേക് ബച്ചൻ, അനിൽ കപൂർ എന്നീ മുന്‍നിര താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോട്ടുകള്‍.

ENGLISH SUMMARY:

Shah Rukh Khan is a beloved Bollywood superstar who recently engaged with fans on social media. He shared updates on his upcoming movie 'King', his son Aryan Khan's new series, and responded humorously to questions about retirement.