ജാന്‍വി കപൂര്‍ മലയാളി കഥാപാത്രമായി എത്തുന്ന പരംസുന്ദരി ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയറിലാണ്. ചിത്രത്തിലെ ജാന്‍വിയുടെ വികലമായ മലയാളം തന്നെയാണ് ഇതിന് കാരണം. ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ താരത്തിനെതിരെ ട്രോളുകളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് നടിയും ഗായികയുമായ പവിത്ര മേനോനാണ്. ഒരു മലയാളി നടിയെ കണ്ടെത്താന്‍ ഇത്ര പ്രയാസമാണോ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പവിത്ര ചോദിച്ചത്.
'ഞാൻ പവിത്ര മേനോൻ, ഒരു മലയാളിയാണ്. പരം സുന്ദരിയുടെ ട്രെയിലർ കണ്ടു. സിനിമയിലെ കഥാപാത്രത്തിന് അനുയോജ്യയായ ഒരു മലയാളി നടിയെ കണ്ടെത്താൻ കഴിയില്ലേ? നമുക്ക് കഴിവ് കുറവാണോ? കേരളത്തിൽ ഉള്ളവർ ആണെങ്കിൽ ഇങ്ങനെ ആയിരിക്കില്ല. മലയാളം സംസാരിക്കുന്നതുപോലെ നന്നായി എനിക്ക് ഹിന്ദിയും സംസാരിക്കാൻ കഴിയും. 90കളിലെ മലയാള സിനിമകളിൽ പഞ്ചാബികളെ കാണിക്കേണ്ടി വന്നപ്പോൾ നമ്മൾ അതിശയോക്തിപരമായി ‘ബല്ലേ ബല്ലേ’ എന്നൊക്കെ പറഞ്ഞിട്ടുണ്ട്.
എന്നാൽ ഇപ്പോൾ 2025 ആണ്. ഒരു മലയാളി എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ഞങ്ങൾ എല്ലായിടത്തും മുല്ലപ്പൂവ് വച്ച് മോഹിനിയാട്ടം കളിച്ചു നടക്കുകയല്ല,' പവിത്ര പറഞ്ഞു.