TOPICS COVERED

നടി ഭാനുപ്രിയ, അനിതരസാധാരണമായ അഭിനയപാടവവും നൃത്തനൈപുണ്യവുംകൊണ്ടു പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത നടി. ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഈ കലാകാരിയുടെ ഇന്നത്തെ അവസ്ഥ ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും. മറവിരോഗം. താനാരാണെന്നോ, സ്വന്തം പേരെന്താണെന്നോ അറിയാത്ത അവസ്ഥ. എന്തിന്, ഒരു നര്‍ത്തകിയുടെ ജീവവായുവായ നൃത്തച്ചുവടുകള്‍ പോലും ഇവരുടെ ഓര്‍മയില്‍ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു.

''എനിക്ക് നല്ല സുഖം തോന്നുന്നില്ല. മറവിയുടെ പ്രശ്നമുണ്ട്. പഠിച്ച കാര്യങ്ങള്‍ ഓര്‍ക്കാനാകുന്നില്ല. നൃത്തത്തില്‍ താല്‍പര്യമില്ല. വീട്ടില്‍ പോലും ഇപ്പോള്‍ നൃത്തം പരിശീലിക്കാറില്ല'', കുറച്ചു കാലം മുന്‍പ് ഒരു അഭിമുഖത്തില്‍ ഭാനുപ്രിയയുടെ വാക്കുകളായിരുന്നു ഇത്. രോഗം ഗുരുതരമായ അവസ്ഥയിലെത്തിയതോടെ സിനിമയുടെ ചിത്രീകരണ സമയത്ത് സ്വന്തം ഡയലോഗുകള്‍ പോലും മറന്നുപോകുന്ന അവസ്ഥ "'സില നേരങ്ങളിൽ സില മനിതർകൾ' എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ ഡയറക്ടർ ആക്ഷൻ പറയുമ്പോൾ എന്റെ സംഭാഷണങ്ങൾ ഞാൻ മറന്നുപോയി" ഭാനുപ്രിയ വെളിപ്പെടുത്തി. നടിയുടെ വാക്കുകള്‍ സിനിമലോകത്തേയും ആരാധകരേയും ഞെട്ടിച്ചു. 

ഷൂട്ടിങ് ലൊക്കേഷനുകളില്‍ വച്ച് തന്നെയാണ് തന്റെ മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവര്‍ മനസിലാക്കുന്നത്. ഡയലോഗുകള്‍ കൃത്യസമയത്ത് പറയാനാകാതെ വിഷമിച്ചു. തന്റെ ഓര്‍മകള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ യാഥാര്‍ഥ്യം മനസിലാക്കാന്‍ ഏറെസമയമെടുത്തു. ഇതോടെ അഭിനയത്തോടു വിടപറഞ്ഞ നടി പൂര്‍ണമായും വീടിനകത്തേക്ക് ഉള്‍വലിഞ്ഞു. 

Also Read: സംഭാഷണം പോലും മറന്നു പോകുന്നു; 90 കളിലെ പ്രിയ നായിക ഭാനുപ്രിയയ്ക്ക് മറവി രോഗം

ഭാനുപ്രിയയുടെ ഓര്‍മകള്‍ക്കു മാത്രമേ മങ്ങലേറ്റിട്ടുള്ളൂ. ഈ നടിയെ സ്നേഹിക്കുന്നവര്‍ക്ക് അങ്ങനെ മറക്കാന്‍ പറ്റുന്ന ഒരു താരമല്ല ഭാനുപ്രിയ. പ്രത്യേകിച്ചും മലയാളികള്‍ക്ക്. ഒരു അന്യഭാഷക്കാരിയായ നടിയായിട്ടല്ല കേരളത്തിലെ പ്രേക്ഷകര്‍ ഭാനുപ്രിയയെ കണ്ടത്. മോഹന്‍ലാല്‍ നായകനായ രാജശില്‍പിയിലെ കഥാപാത്രത്തെ എങ്ങനെ മറക്കും?. അസാധാരണവശ്യതയും മാദകത്വവുംകൊണ്ടു ഇവര്‍ പ്രേക്ഷകർക്കു പുതിയൊരനുഭവം കാഴ്ച വച്ചു. അഴകിയ രാവണനില്‍ മമ്മൂട്ടിക്കൊപ്പം അനുരാധയെന്ന മുഴുനീള കഥാപാത്രം വേറിട്ടു നില്‍ക്കുന്നു. പെയ്തിട്ടും പെയ്തിട്ടും തോരാത്ത ആ മഴപ്പാട്ട് ഇന്നും മലയാളികള്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നു. സുഭദ്ര എന്ന പിരിയോഡിക്കൽ കഥാപാത്രമായി ലെനിൻ രാജേന്ദ്രന്റെ കുലത്തിലും അഭിനയിച്ചു. ഹൈവേ, ഋഷ്യശൃംഗൻ, കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്നിവയാണു ഭാനുപ്രിയ മലയാളത്തിൽ അഭിനയിച്ച മറ്റ് ശ്രദ്ധേയചിത്രങ്ങള്‍ .

സിനിമാപ്രേമികള്‍ കണ്ടു പരിചയിച്ച സൗന്ദര്യവും അഭിനയമികവും ആയിരുന്നില്ല ഭാനുപ്രിയയുടേത്. അവസരങ്ങള്‍ ധാരാളം തേടിവന്നെങ്കിലും മികച്ചതെന്ന് തോന്നിയത് മാത്രം തിരഞ്ഞെടുത്തു. തനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നു തോന്നുന്ന വേഷങ്ങള്‍ മാത്രം സ്വീകരിച്ചു. നടിപ്പിന്‍ രാക്ഷസിയെന്നായിരുന്നു നടി ശ്രീവിദ്യ ഭാനുപ്രിയയെ വിശേഷിപ്പിച്ചിരുന്നത്

ഭാനുപ്രിയ... ഔദ്യോഗിക പേര് മംഗള ആനന്ദഭാനു. മകള്‍ ഒരു കലാകാരിയാകുമെന്ന് മാതാപിതാക്കള്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു. പിച്ച വച്ചു തുടങ്ങുമ്പോഴേ നൃത്തത്തില്‍ അസാധാരണ താളം. 1983 ല്‍ ‘മെല്ലെ പേസുങ്കല്‍’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം. തെലുങ്ക് ചിത്രം ‘സീതാര’ വന്‍ഹിറ്റായതോടെ ഭാനുപ്രിയ എന്ന പേര് ഇന്‍ഡസ്ട്രിയില്‍ പ്രശസ്തി നേടി. ‘സ്വര്‍ണ്ണകമലം’ എന്ന സിനിമ നടിയുടെ കരിയര്‍ മാറ്റി മറിച്ചു. ‘ദോസ്തി ദുഷ്മനി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും പരീക്ഷണം. മികച്ച നടിക്കുളള ആന്ധ്രാ സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ്, ഇന്ത്യന്‍ എക്‌സ്പ്രസ് അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ‘അഴകന്‍’ എന്ന പടത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചു.

1998ല്‍ ഡിജിറ്റല്‍ ഗ്രാഫിക്‌സ് എന്‍ജിനീയറായ ആദര്‍ശ് കൗശലിനെ വിവാഹം കഴിച്ചു. അഭിനയ എന്നൊരു മകളും ജനിച്ചു. ഏഴ് വര്‍ഷം മാത്രം നീണ്ടു നിന്ന ദാമ്പത്യം 2005ല്‍ അവസാനിച്ചു.  2018ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദര്‍ശ് മരിച്ചത് മാനസികമായി തളര്‍ത്തി. സിനിമയിലേക്ക് തിരിച്ചുവരാന്‍ പരാമാവധി ശ്രമിച്ചു. ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ശിവകാര്‍ത്തികേയന്‍ നായകനായ ‘അയലാന്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. സിനിമാ ജീവിതത്തിന് കട്ട് പറയാന്‍ ഭാനുപ്രിയ ആഗ്രഹിക്കുന്നില്ല. സംവിധായകന്റെ ആക്ഷന്‍ കേട്ട് ഡയലോഗ് തെറ്റാതെ പറയാനും അഭിനയിക്കാനും ഭാനുപ്രിയക്കു ഇനിയും കഴിയട്ടെ...

ENGLISH SUMMARY:

Bhanupriya's Alzheimer's diagnosis has deeply affected her life and career. The acclaimed actress is struggling with memory loss, impacting her ability to perform and remember dialogues, leading to her retreat from acting.