'കൂലി' കാണാനെത്തിയ ശ്രുതി ഹാസനെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി. ചിത്രം റിലീസ് ചെയ്ത ദിവസം ചെന്നൈയിലെ വെട്രി തിയറ്ററിൽ തിയേറ്ററിലെത്തിയപ്പോഴാണ് സംഭവം. ശ്രുതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് റാപ്പർ യുങ് രാജയാണ് ഈ രസകരമായ നിമിഷങ്ങൾ ചിത്രീകരിച്ചത്.
കാറിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രുതി സിനിമ കാണാനെത്തിയത്. ഗേറ്റിൽ ആളറിയാതെയാണ് സെക്യൂരിറ്റി ശ്രുതിയെ തടയുന്നത്. ഞാനീ ചിത്രത്തിൽ അഭിനയിച്ച ആളാണെന്ന് രസകരമായി സെക്യൂരിറ്റിയോട് പറഞ്ഞ് മനസിലാക്കുന്നതാണ് വിഡിയോ. 'ഞാൻ ഈ ചിത്രത്തിലുണ്ട്, എന്നെ അകത്തേക്ക് വിടൂ അണ്ണാ.. ഞാനിതിലെ നായികയാണ്' എന്നാണ് ശ്രുതി പറയുന്നത്. തമാശ നിറഞ്ഞ സംസാരത്തിന് ശേഷം സെക്യൂരിറ്റി ശ്രുതിയുടെ വാഹനത്തെ അകത്തേക്ക് കയറ്റി വിടുകയായിരുന്നു.
വെട്രി തിയേറ്റേഴ്സിന്റെ ഉടമയായ രാകേഷ് ഗൗതമം വിഡിയോ എക്സിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ സുരക്ഷാ ജീവനക്കാരനായ റായൽ നന്നായി ജോലി ചെയ്തുവെന്നാണ് വിഡിയോയ്ക്കൊപ്പം അദ്ദേഹം എഴുതിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യിൽ പ്രീതി എന്ന കഥാപാത്രമായാണ് ശ്രുതി ഹാസൻ എത്തിയത്.
രജനീകാന്ത്, സത്യരാജ്, ഉപേന്ദ്ര തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ മലയാളി താരം സൗബിൻ ഷാഹിർ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓഗസ്റ്റ് 14 നാണ് രജനീകാന്ത് ചിത്രം കൂലി റിലീസ് ചെയ്തത്. അയാൻ മുഖർജിയുടെ വാർ 2 യുമായി ബോക്സ് ഓഫീസ് മൽസരമുണ്ടായിരുന്നിട്ടും ആദ്യ ദിവസം 150 കോടി രൂപയാണ് കൂലിയുടെ കലക്ഷൻ.