മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് നടൻ രവീന്ദ്രൻ. കഴിഞ്ഞ ഭരണസമിതിയിലെ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്നും അതുകൊണ്ടുതന്നെ ഇത്തവണ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തന്‍റെ പത്രിക മനഃപൂർവ്വം തള്ളിയതാണെന്ന് ആരോപിച്ച് നടൻ ജോയ് മാത്യു രംഗത്തെത്തി. ഇതിന്‍റെ കാരണം തിരഞ്ഞെടുപ്പിന് ശേഷം അറിയാമെന്നും അദ്ദേഹം പറഞ്ഞു.സംഘടനയിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നിരവധി ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് ജോയ് മാത്യു ഉയർത്തിയ ആരോപണം സംഘടനയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
പുതിയ നേതൃനിരയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ പത്തുമണിക്ക് തുടങ്ങും.ഉച്ചയ്ക്ക് ഒരുമണി വരെയാണ് പോളിങ്. വൈകുന്നേരത്തോടെ വോട്ടെണ്ണൽ പൂർത്തിയാവും. അധ്യക്ഷസ്ഥാനത്തേക്ക് ശ്വേതാമേനോനും ദേവനും തമ്മിലാണ് മത്സരം. അമ്മയുടെ ആദ്യ വനിതാ പ്രസിഡന്‍റായി ശ്വേതാ മേനോന്‍ എത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആറുപേർ പത്രിക നൽകിയിരുന്നെങ്കിലും നാലുപേർ പത്രിക പിൻവലിച്ചു.ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസ്സൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കുക്കുപരമേശ്വരനും രവീന്ദ്രനും തമ്മിലാണ്.ബാബുരാജും അനൂപ് ചന്ദ്രനും നേരത്തെ പത്രിക പിൻവലിച്ചിരുന്നു.
രണ്ട് വൈസ് പ്രസിഡന്‍റുമാരുടെ സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് മത്സരിക്കുന്നത്. ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കൈലാഷ്, സിജോയ് വർഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, നന്ദുപൊതുവാൾ, ജോയ് മാത്യു എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലെ വനിതാസംവരണത്തിലേക്ക് നീനാ കുറുപ്പ്, സജിതാബേട്ടി, സരയൂമോഹൻ, ആശാഅരവിന്ദ്, അഞ്ജലിനായർ എന്നിവരും മത്സരിക്കുന്നുണ്ട്.