തലൈവര്‍ ഫാന്‍സ് ഏറെ ആവേശത്തോടെ കാത്തിരുന്ന ലോകേഷ് കനഗരാജ് ചിത്രം ‘കൂലി’ ഗംഭീരസിനിമയെന്ന് ആരാധകര്‍. ആദ്യപകുതിയേക്കാള്‍ രണ്ടാംപകുതിയാണ് ആവേശം നിറച്ചതെന്നും പ്രതികരണം. അതേസമയം എത്രയൊക്കെ മാസ് കാണിച്ചിട്ടും സിനിമ കണക്റ്റ് ആവുന്നില്ലെന്ന അഭിപ്രായവും ചില പ്രേക്ഷകര്‍ക്കുണ്ട്. അല്‍പം പതിഞ്ഞ രീതിയില്‍ ഫ്ലാഷ് ബാക്കും സെന്റിമെന്റസും എല്ലാംകൂടി മിക്സ് ആക്കിയാണ് ചിത്രം ആദ്യപകുതിയില്‍ കൊണ്ടുപോകുന്നത്. രജനീകാന്തിന്റെ മാസ് മാക്സിമം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും എന്തോ ഒരു മിസ്സിങ് ഉണ്ടെന്നും ചില പ്രേക്ഷകര്‍ വിലയിരുത്തുന്നു. അതേസമയം സൗബിന്‍ അസാധ്യ നടനെന്ന് നടന്‍ ബാലയും ഗോവിന്ദ് പത്മസൂര്യയും ആദ്യഷോ കണ്ടശേഷം പ്രതികരിച്ചു.
രജനികാന്ത് ആരാധകരെക്കൊണ്ട് അർദ്ധരാത്രി മുതൽ തിയേറ്ററുകൾ നിറയുന്ന കാഴ്ച്ചയാണ് തമിഴ്നാട്ടിലും കേരളത്തിലുമുള്‍പ്പെടെ കാണാനായത്. ഈ തിരക്ക് നിയന്ത്രിക്കാൻ കൂടിയായിരുന്നു തിയേറ്ററുകൾ അതിരാവിലെതന്നെ പ്രത്യേക ഷോ നടത്തിയത്. ആദ്യപകുതിക്കു ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്; ചിലർ രജനീകാന്തിന്‍റെ എനര്‍ജിയേയും പ്രകടനത്തെയും പ്രശംസിച്ചപ്പോൾ, മറ്റുള്ളവർ പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ലെന്ന അഭിപ്രായം പങ്കുവച്ചു . ചിത്രത്തിന്‍റെ കഥയിലും അഭിനയത്തിലും നിരാശരായവരും ഉണ്ട്. അതേസമയം സൗബിന്റേയും നാഗാര്‍ജുനയുടേയും പ്രകടനത്തെ വാനോളം പുകഴ്ത്തുന്നവരുമുണ്ട്.
‘ലോകേഷ് കനഗരാജും ടീമും ഒരു ബ്ലോക്ക്ബസ്റ്റർ നൽകി. ഒന്നാം പകുതി - മാസ് രംഗങ്ങളുടെയും ലോകിയുടെ പ്ലോട്ട് ട്വിസ്റ്റുകളുടെയും നല്ലൊരു മിശ്രിതം. കോളിവുഡിലെ ഏറ്റവും മികച്ച ഡി-ഏജിംഗുകളിൽ ഒന്ന്. രണ്ടാം പകുതിയിലെ മാസ് രംഗങ്ങൾ മികച്ച രീതിയിൽ വിജയിച്ചു എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്. കഥ നീണ്ടുപോയി, ആക്ഷൻ രംഗങ്ങൾ മടുപ്പിച്ചു, കാത്തിരുന്ന മാജിക് ഒട്ടും കാണാനില്ലായിരുന്നുവെന്നും ഒരു ആരാധകന്‍ പ്രതികരിച്ചു.