സിദ്ധു ജോന്നലഗഡ്ഡ നായകനായി 2022ല്‍ പുറത്തുവന്ന ചിത്രമാണ് ടില്ലു സ്ക്വയര്‍. അനുപമ പരമേശ്വരന്‍ നായികയായ ചിത്രം 100 കോടി നേടി വന്‍വിജയമായിരുന്നു. ചിത്രത്തിലെ അനുപമയുടെ ഗ്ലാമറസ് മേക്ക് ഓവറും ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ വസ്ത്രങ്ങള്‍ തനിക്ക് ഒട്ടും കംഫര്‍ട്ടബിളല്ലായിരുന്നു എന്ന് പറയുകയാണ് അനുപമ. യഥാര്‍ഥ ജീവിതത്തില്‍ അത്തരം വസ്ത്രങ്ങള്‍ താന്‍ ധരിക്കില്ലെന്നും കഥാപാത്രവും വളരെ വ്യത്യസ്തമായിരുന്നുവെന്നും ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ അനുപമ പറഞ്ഞു.
'ടില്ലു സ്ക്വയറില്‍ എന്‍റേത് വളരെ ശ്കതമായ കഥാപാത്രമായിരുന്നു. നായിക വന്ന് വെറുതെ ഡാന്‍സ് കളിച്ചിട്ട് പോകുന്ന ഒരു സാധാ കൊമേഴ്സ്യല്‍ സിനിമ ആയിരുന്നില്ല അത്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ തെറ്റാണെന്ന് ഞാന്‍ പറയില്ല. ഞാന്‍ ആ കഥാപാത്രം നന്നായി ചെയ്തു എന്നാണ് വിശ്വസിക്കുന്നത്.
എന്റെ യഥാർത്ഥ സ്വഭാവത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആ റോൾ. സിനിമയിൽ ധരിച്ച അത്തരം വസ്ത്രങ്ങൾ ഞാൻ റിയൽ ലൈഫിൽ ധരിക്കാറില്ല. സിനിമയിലെ വേഷങ്ങള്‍ എനിക്ക് വളരെ അൺകംഫർട്ടബിൾ ആയിരുന്നു. കഥാപാത്രം അങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് ചെയ്യണം. ആ സിനിമ കണ്ടിട്ടുണ്ടെങ്കില്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് മനസിലാക്കാം.
സിനിമയ്ക്ക് യെസ് പറയാൻ താൻ ഒരുപാട് സമയമെടുത്തു. എനിക്ക് രണ്ട് മനസ്സായിരുന്നു. തീരുമാനമെടുക്കാൻ വളരെ പ്രയാസം തോന്നിയ ഒരു സിനിമയാണത്. ആ സിനിമയിൽ അഭിനയിച്ചതിൽ ഒരുപാട് ആരാധകർ വിമർശനം അറിയിച്ചിട്ടുണ്ട്. അവർക്ക് ഇഷ്ടമായില്ലെന്നു പറഞ്ഞ് ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്,' അനുപമ പറഞ്ഞു.