തന്‍റെ ജീവിത്തില്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ ജുവല്‍ മേരി. വിവാഹജീവിതം പരാജയപ്പെട്ടതിനെക്കുറിച്ചും ആ ബന്ധത്തില്‍ നിന്നും കഷ്ടപ്പെട്ട് രക്ഷപ്പെട്ടതിനെക്കുറിച്ചും ജുവല്‍ തുറന്നുപറയുന്നുണ്ട്. വിവാഹമോചനത്തിന് പിന്നാലെയാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അനുഭവിച്ച കഷ്ടപ്പടുകളും അതില്‍ നിന്നള്ള തിരിച്ചുവരവും വിവരണാതീതമാണ്.
ഡിവോഴ്സ് ലഭിക്കാന്‍ തന്നെ വര്‍ഷങ്ങളെടുത്തു. അതിനിടയില്‍ തനിക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആകെ തകര്‍ന്നു. ആ സമയത്ത് താന്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് ശബ്ദം നഷ്ടപ്പെട്ടപ്പോഴാണ് . അതിന് ശേഷം വാശിയോടെ ശബ്ദം തിരിച്ചുകിട്ടാനായി പോരാടി. ആ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ് താനിപ്പോള്‍ പഴയ ജുവലായി മാറിയതെന്നും അവര്‍ തുറന്നു പറഞ്ഞു.
ജുവല്‍ മേരിയുടെ വാക്കുകള്‍
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഞാന്‍ കല്ല്യാണം കഴിച്ചു, ഡിവോഴ്സ് ആയി. ഞാന്‍ ഫൈറ്റ് ചെയ്ത് ഡിവോഴ്സ് വാങ്ങിയ ഒരാളാണ്. ഡിവോഴ്സ് വളരെ എളുപ്പത്തില്‍ കടന്നുപോയവരുണ്ട്. അങ്ങനെയുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് അങ്ങനെ ആയിരുന്നില്ല. ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടു. അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു. 2021 മുതല്‍ ഞാന്‍ ഡിവോഴ്സായി ഒറ്റക്ക് ജീവിക്കാന്‍ തുടങ്ങി. 3,4 വര്‍ഷം എടുത്തിട്ടാണ് എനിക്ക് ഡിവോഴ്സ് കിട്ടിയത്. അന്ന് കയ്യില്‍ കുറച്ച് പൈസയൊക്കെ ഉണ്ടായിരുന്നു. അങ്ങനെ ഒരുമാസം ഒരുപാട് യാത്ര പോയി. എന്‍റെ സന്തോഷത്തിന്‍റെ പാരമ്യത്തിലായിരുന്നു അന്ന് . ശേഷം ഞാന്‍ കൊച്ചിയില്‍ എത്തി.
ഏഴ് വര്‍ഷത്തിന് മുകളിലായി എനിക്ക് തൈറോയ്ഡിന്‍റെ പ്രശ്നമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് പെട്ടെന്ന് ഭാരം കൂടുകയും കുറയുകയുമൊക്കെ ചെയ്യും. അത് വല്യ പ്രശ്നമായിരുന്നു. അതിന്‍റെ ചെക്കപ്പിനായി ഞാന്‍ ആശുപത്രിയില്‍ പോയി, അന്ന് വരെ ഞാന്‍ വളരെ ആരോഗ്യമുള്ള ആളായിരുന്നു. ആകെയുള്ള പ്രശ്നം ഇടക്ക് തൊണ്ടയില്‍ ഉണ്ടാകുന്ന അസ്വസ്തതയാണ്. ഞാന്‍ ശബ്ദം ഉപയോഗിച്ച് ജോലി ചെയ്യുന്നയാളായാതുകൊണ്ടുള്ള പ്രശ്നമാണ് അതെന്നാണ് വിചാരിച്ചത്. അന്ന് എന്നോട് ഡോക്ടര്‍ സ്കാന്‍ ചെയ്യാന്‍ പറഞ്ഞു. ആ സ്കാനിങ്ങ് കണ്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് മനസിലായി. പക്ഷേ എന്നോട് അവരൊന്നും പറഞ്ഞില്ല. പക്ഷേ പുറത്തിറങ്ങിയപ്പോള്‍ എന്നോട് അവര്‍ പറഞ്ഞു ഒന്ന് ബയോപ്സിയെടുക്കാമെന്ന്. എനിക്ക് അപ്പോള്‍ തന്നെ പേടിയായി. കാലൊക്കെ തണുത്ത് വിറച്ചു. ഞാന്‍ ബയോപ്സി എടുക്കേണ്ടെന്ന് പറഞ്ഞെങ്കിലും അവര്‍ അന്ന് തന്നെ എടുക്കണമെന്ന് പറഞ്ഞു.
ബയോപ്സി റൂമിനുള്ളില്‍ കയറിപ്പോള്‍ എനിക്ക് ശ്വാസം ഒന്നും കിട്ടുന്നില്ല. നേരത്തെ തന്നെ ഉത്കണ്ഠയുടെ പ്രശ്നമുള്ള ഒരാളാണ് ഞാൻ. ബിയോപ്സി കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, നിങ്ങളുടെ തയ്റോയിഡിന് ചുറ്റും ചെറിയ മുഴകൾ ഉണ്ട്. അത്ര നല്ല ലക്ഷണമല്ല. അത് ക്യാൻസർ തന്നെ ആവാനാണ് സാധ്യത! നമുക്കൊന്ന് കൂടി നോക്കാം, എന്ന്. അപ്പോഴേക്കും ഞാൻ ഉറപ്പിച്ചു. ബിയോപ്സി റിസൾട്ട് വരാൻ 15 ദിവസം കഴിയും. ആ സമയം ജീവിതം നിലച്ചുപോയ അവസ്ഥയിൽ ആയിരുന്നു. എന്‍റെ മുന്നിൽ ജീവിതം ഇല്ലാത്തതുപോലെ ഒരു അവസ്ഥ. ബിയോപ്സി റിസൾട്ട് വന്നപ്പോൾ അവർ പറയുന്നു നമുക്ക് ഒന്നും കൂടെ ബയോപ്സി എടുക്കാം, ഒന്നുകൂടി കൺഫേം ചെയ്യണം എന്ന്.
വീട്ടുകാരോട് ഞാൻ കാര്യം പറഞ്ഞിരുന്നു. അവർ പേടിക്കാൻ പാടില്ലല്ലോ. ഇങ്ങനെ ഒരു പരിപാടി ഉണ്ട് കേട്ടോ... ചിലപ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമായിരിക്കും, നമുക്ക് നോക്കാം എന്ന് ഈസി ആയി പറഞ്ഞ് ഞാൻ അവരെ ഓക്കെ ആക്കി വയ്ക്കാൻ നോക്കി. എന്‍റെ ഉള്ളിൽ എന്തു വന്നാലും എനിക്ക് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും പറ്റും. അങ്ങനെ ഒരു സ്വഭാവമാണ് എന്‍റേത്. പക്ഷേ, എന്‍റെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്നുള്ളത് എനിക്ക് മാത്രമേ അറിയൂ. രണ്ടാമത്തെ റിസൾട്ട് വന്നപ്പോൾ മനസ്സിലായി പണി കിട്ടിയിരിക്കുന്നു. റിസൾട്ട് കിട്ടിയ ഉടൻ ഞാൻ ഡോക്ടർ ഗംഗാധരൻ സാറിന്‍റെ ഭാര്യ ചിത്ര മാമിനെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു, ‘മാം എനിക്ക് ഇങ്ങനെ ഒരു പണി കിട്ടിയല്ലോ! ഞാൻ എന്താ ചെയ്യേണ്ടേ?’. മാഡം പറഞ്ഞു, പേടിക്കുകയൊന്നും വേണ്ട... നീ നേരെ ഇങ്ങോട്ട് ലേക്ക്ഷോറിലേക്ക് പോരെ, ഇവിടെ ഡോക്ടർ ഷോൺ ഉണ്ട്. ഞാൻ എല്ലാം പറഞ്ഞു വച്ചേക്കാം,’ എന്ന്. ചിത്ര മാഡം അവിടെ ഗൈനക്കോളജി കാൻസർ വിഭാഗത്തിൽ ആണ്. അങ്ങനെ ലേക്ക്ഷോറിൽ പോയി ഡോക്ടർ ഷോണിനെ കണ്ടു.
ഡിസംബറിലാണ് ഈ സംശയങ്ങൾ തുടങ്ങുന്നത്. ജനുവരി പകുതിയൊക്കെ ആയപ്പോഴത്തേക്കും തീരുമാനമായി. ഫെബ്രുവരി ആദ്യവാരം തന്നെ സർജറി ചെയ്തു. ഏഴു മണിക്കൂർ സർജറി ഉണ്ടായിരുന്നു. കഴുത്തിലാണ് സർജറി ചെയ്തത്. സർജറിക്കിടയിൽ കഴുത്തിൽ ഒരു ഞരമ്പിന് ചെറിയ പ്രശ്നം പറ്റി. എന്‍റെ കയ്യിന് ചെറിയ ബലക്ഷയം വന്നിരുന്നു. തൈറോയ്ഡ് കാൻസർ മുഴുവനായും ചികിൽസിച്ചു ഭേദമാക്കാൻ പറ്റുന്നതാണ്. തൈറോയ്ഡ് മുഴുവൻ എടുത്തു കളഞ്ഞു.
സർജറി കഴിഞ്ഞപ്പോൾ എന്‍റെ ശബ്ദം പോയി. അത് സ്വാഭാവികമാണ്. തൈറോയ്ഡക്ടമി കഴിഞ്ഞാൽ ശബ്ദം പോകും. ആറു മാസം കഴിഞ്ഞു ശരിയാകും എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. പിന്നെ ശബ്ദത്തിന് തെറാപ്പി ഉണ്ടായിരുന്നു. ഫിസിയോതെറാപ്പി ചെയ്ത് കൈ ഒക്കെ ശരിയായി. എന്‍റെ അസുഖം നേരത്തെ തന്നെ കണ്ടുപിടിച്ചിട്ടുള്ളതുകൊണ്ട് വലിയ കുഴപ്പം വന്നില്ല. എന്നിട്ടു തന്നെ ചികിത്സ തുടങ്ങിയപ്പോഴേക്കും ചെറുതായി പടർന്നു തുടങ്ങിയിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന മാനസിക പ്രശ്നങ്ങളിൽ നിന്നു പുറത്തുവരാൻ തന്നെ ഒരുപാട് സമയം എടുത്തു. ഒരുപാട് കൗൺസലിങ് തെറാപ്പി ഒക്കെ ചെയ്തു.
ഞാൻ അത് വളരെ ആത്മവിശ്വാസത്തോടെ തന്നെ പറയും, ഞാൻ തെറാപ്പി എടുത്തിട്ടുണ്ട്, എനിക്ക് സഹായം വേണ്ടി വന്നിട്ടുണ്ട് എന്ന്. ഞാൻ എന്നെ തന്നെ ചുമന്നു കൊണ്ടുപോയി ഡോക്ടർമാരുടെ മുന്നിൽ ഇരുത്തി. എന്‍റെ പൊന്നു ഡോക്ടറെ, എന്‍റെ കിളി പോയിരിക്കുകയാണ് എന്ന് പറഞ്ഞു. നമ്മുടെ കുമ്പളങ്ങി നൈറ്റ്സിൽ സൗബിൻ പറഞ്ഞതുപോലെ എന്‍റെ കിളി പോയിരിക്കുകയാ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് കരയാൻ പറ്റില്ലായിരുന്നു, എനിക്ക് ഉറങ്ങാൻ പറ്റില്ലായിരുന്നു.
ചികിത്സ കഴിഞ്ഞ് ആറു മാസം കഴിഞ്ഞപ്പോഴത്തക്കും രക്തം പരിശോധിക്കാൻ പോയി. ഒന്നും ഉണ്ടാകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചാണ് പോയത്. അപ്പോഴേക്കും എന്‍റെ മനസ്സൊക്കെ ഒരുവിധം ജീവിതത്തിലേക്ക് എത്തിയിട്ടുണ്ട്. സന്തോഷത്തിന്‍റെ ലോകത്ത് ഞാൻ എത്തിയിട്ടുണ്ട്. ഇനി മുന്നോട്ടായിരിക്കും എന്നൊരു വിശ്വാസമുണ്ടായിരുന്നു. റിസൾട്ട് വന്നു, സ്കാനും ചെയ്തു, വലിയ കുഴപ്പങ്ങളൊന്നുമില്ല. എനിക്ക് ഇപ്പോഴും ആ സീൻ ഓർമ വരുന്നത്, സ്കൂളിൽ റിപ്പോർട്ട് കാർഡ് ഒക്കെ എടുത്തു തരുന്ന ഒരു ഫീലിൽ ആണ്. ഡോക്ടർ എന്‍റെ റിപ്പോർട്ട് ഇങ്ങനെ എടുത്തിട്ട്, ‘കൺഗ്രാജുലേഷൻ... യു ആർ ഫ്രീ ഓഫ് കാൻസർ... നല്ല റിപ്പോർട്ടാണ്... സമാധാനമായി വീട്ടിൽ പോയ്ക്കോളൂ’ എന്ന് പറഞ്ഞു. എന്തൊരു സന്തോഷമായിരുന്നു അപ്പോൾ. ഞാൻ ചോദിച്ചു, ‘ഡോക്ടറേ ഇത് തിരിച്ചു വരുമോ?’ ഡോക്ടർ പറഞ്ഞു, ഇത് തിരിച്ചു വരാൻ ചാൻസ് കുറവാണ്. ഇനി വരുന്നെങ്കിൽ അപ്പോൾ നോക്കാം, ഇപ്പോൾ സമാധാനമായി പോകൂ.