തന്റെ ജീവന്‍റെ പാതി വിട്ടുപിരിഞ്ഞ് ആറു വർഷം പിന്നിടുമ്പോൾ മനസില്‍ തോരാത്ത സ്നേഹം നിറച്ച കുറിപ്പുമായി ഗായകൻ ബിജു നാരായണൻ. ‘വേർപാടിന്റെ ആറാം വർഷം. Yet Forever in My Heart’ എന്നാണ് അദ്ദേഹം തന്‍റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചത്. ഭാര്യയെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.
1998 ജനുവരി 23നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. 10 വർഷത്തെ പ്രണയസാഫല്യമാണ് വിവാഹത്തിലെത്തിയത്. എറണാകുളം മഹാരാജാസിൽ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. 21 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യത്തിനൊടുവില്‍ 2019 ആഗസ്റ്റ് 13നാണ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത മരണപ്പെട്ടത്.
ശ്രീലതയുടെ ഓർമകളുമായി ജീവിക്കുന്ന ബിജു തങ്ങളുടെ പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ പലപ്പോഴായി മനസ്സ് തുറന്നിട്ടുണ്ട്. ഈ വിരഹം താൽക്കാലികമാണെന്നും ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നിങ്ങൾ ഇനിയും ഒത്തു ചേരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നുമൊക്കെയാണ് ബിജുവിനെയും ശ്രീലതയെയും അറിയുന്നവര്‍ സാമൂഹ്യമാധ്യങ്ങളിലൂടെ പറയുന്നത്