ലോകേഷ് കനകരാജ്– രജിനികാന്ത് കൂട്ടുകെട്ടില്‍ വരുന്ന കൂലിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിന്‍റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആമിര്‍ ഖാന്‍, ഉപേന്ദ്ര, നാഗാര്‍ജുന, സത്യ രാജ്, ശ്രുതി ഹാസന്‍, സത്യരാജ് എന്നിങ്ങനെ ചിത്രത്തിലെ താരങ്ങളെല്ലാം ഓഡിയോ ലോഞ്ചിനെത്തിയിരുന്നു.
ചടങ്ങിലെ പ്രസംഗത്തിനിടയ്ക്ക് സൗബിനെ പ്രശംസ കൊണ്ട് മൂടുന്ന രജിനിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഷൂട്ടിനിടയ്ക്ക് ലോകേഷ് തന്നെ സൗബിന്‍റെ ഒന്നുരണ്ട് രംഗങ്ങള്‍ കാണിച്ചിരുന്നുവെന്നും താരത്തിന്‍റെ പ്രകടനം കണ്ട് താന്‍ ഞെട്ടിപ്പോയെന്നും രജിനി പറഞ്ഞു.
'വിശാഖ പട്ടണത്തെ ഷൂട്ട് വന്നപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് എന്നോട് ലോകേഷ് പറഞ്ഞത്. എന്തിനാണ് രണ്ട് ദിവസം കഴിഞ്ഞ് വരുന്നതെന്ന് ഞാന്‍ ആലോചിച്ചു. അന്വേഷിച്ചപ്പോള്‍ ആ സമയത്ത് സൗബിന്‍റെ ഷൂട്ടാണ് നടക്കുന്നത്. മൂന്നാമത്തെ ദിവസം ഞാന്‍ വന്നപ്പോള്‍ ലോകേഷ് ലാപ്ടോപ്പുമായി വന്നു. സൗബിന്‍ അഭിനയിച്ച രണ്ടുമൂന്ന് രംഗങ്ങള്‍ കാണിച്ചു. ഞാന്‍ ഞെട്ടിപ്പോയി. എന്തൊരു ആക്ടറാണ്,' രജിനികാന്ത് പറഞ്ഞു.