കഴിഞ്ഞ ദിവസങ്ങളിലെല്ലാം സോഷ്യല്‍ മീഡിയയിലെ ഒരു ചര്‍ച്ച ദുല്‍ഖര്‍ സല്‍മാന്‍– മൃണാള്‍ താക്കൂര്‍ സൗഹൃമായിരുന്നു. സീതാരാമത്തിന്‍റെ സമയത്ത് തന്നെ സിനിമക്കും പുറത്തുമുള്ള ഇരുവരുടേയും കെമിസ്ട്രിയും സൗഹൃദവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ അടുത്തിടെ ദുല്‍ഖറിന്‍റെ പിറന്നാള്‍ വന്നപ്പോള്‍ വൈകിയായിരുന്നു മൃണാള്‍ ആശംസ അറിയിച്ചത്. മൃണാളിന്‍റെ പിറന്നാളിന് ദുല്‍ഖറും വൈകിയാണ് ആശംസ അറിയിച്ചത്. ഇതോടെ ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാത്തും ഇത്തരം ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ അധികം വൈകാതെ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടുള്ള മൃണാളിന്‍റെ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടുകയാണ്. പിറന്നാള്‍ ആശംസയറിയിച്ചപ്പോള്‍ ദുല്‍ഖര്‍ തന്നോട് സംസാരിച്ചിരുന്നുവെന്നാണ് മൃണാള്‍ പറഞ്ഞത്. കാന്താ സിനിമയെ പറ്റി ആലോചിച്ച് താരം ടെന്‍ഷനിലായിരുന്നുവെന്നും അതിന്‍റെ ആവശ്യമില്ലെന്ന് താന്‍ പറഞ്ഞുവെന്നും മൃണാള്‍ പറഞ്ഞു. ഇന്‍സ്റ്റന്‍റ് ബോളിവുഡിനോടായിരുന്നു മൃണാളിന്‍റെ പരാമര്‍ശങ്ങള്‍.
'സീതാരാമത്തിന്‍റെ സമയത്ത് സിനിമയെ പറ്റി ഓര്‍ക്കുമ്പോള്‍ ടെന്‍ഷനുണ്ടായിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. അടുത്തിടെ ദുല്‍ഖറിന്‍റെ പിറന്നാളിന് ആശംസയറിയിച്ചപ്പോഴും പറഞ്ഞത് സിനിമയെ പറ്റി ഓര്‍ത്ത് ടെന്‍ഷനാണെന്നായിരുന്നു. എന്തിനാണ് ടെന്‍ഷനടിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. നന്നായി തന്നെയാണല്ലോ ചെയ്തത്, കാന്തായുടെ ട്രെയിലര്‍ അടിപൊളിയായിട്ടുണ്ട്. ടെന്‍ഷനടിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഞാന്‍ പറഞ്ഞു. നിനക്കെന്നെ അറിയാമല്ലോ, നിന്നെ പോലെയായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്, ഒരു പേടിയുമില്ലെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്,' മൃണാള്‍ പറഞ്ഞു.