ഒരു വര്‍ഷത്തോളം ഭ്രാന്തനെന്ന് മുദ്രകുത്തി തന്നെ ആമിര്‍ഖാന്‍ മുറിയില്‍ പൂട്ടിയിട്ടുവെന്ന് നടനും സഹോദരനുമായ ഫൈസല്‍ ഖാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവമുണ്ടായതെന്നും ഒരു വര്‍ഷത്തോളം താന്‍ വീട്ടുതടങ്കലില്‍ ആയിരുന്നുവെന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫൈസല്‍ ആരോപിക്കുന്നു. തനിക്ക് സ്കിസോഫ്രീനിയ ആണെന്ന് കുടുംബാംഗങ്ങള്‍ എല്ലാവരോടും പറഞ്ഞു. മിക്കാവറും നേരങ്ങളില്‍ ഭ്രാന്തനെന്ന് വിളിച്ചു. പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ദോഷം ചെയ്യുമെന്ന് പറഞ്ഞുപരത്തിയെന്നും ഫൈസല്‍ വിശദീകരിക്കുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലമായിരുന്നു അതെന്നും അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
'20 ദിവസത്തോളമാണ് മുംബൈയിലെ ജെജ ആശുപത്രിയില്‍ നിര്‍ബന്ധിത ചികില്‍സയില്‍ കഴിഞ്ഞത്. മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ കഴിഞ്ഞിരുന്ന ജനറല്‍ വാര്‍ഡില്‍ ആയിരുന്നു കിടത്തിയതും പരിശോധിച്ചതുമെല്ലാം'. ആമിറിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടുത്താന്‍ പിതാവ് വരുമെന്നാണ് താന്‍ കരുതിയതെന്നും പക്ഷേ അപ്പോഴേക്കും അദ്ദേഹം രണ്ടാമതും വിവാഹം കഴിക്കുകയും തങ്ങളുടെ കുടുംബവുമായി അകലുകയും ചെയ്തുവെന്നും ഫൈസല്‍ തുറന്ന് പറയുന്നു. തന്‍റെ ഫോണ്‍ ആമിര്‍ മാറ്റിയിരുന്നുവെന്നും മുറിക്ക് പുറത്ത് സദാസമയവും രണ്ട് കാവല്‍ക്കാര്‍ നിന്നിരുന്നുവെന്നും അദ്ദേഹം ആരോപണം ഉയര്‍ത്തുന്നു. എന്തൊക്കെയോ മരുന്നുകളും തന്നെ അക്കാലത്ത് ബലമായി കഴിപ്പിച്ചിരുന്നുവെന്നും വെളിപ്പെടുത്തലിലുണ്ട്.
ആമിറുമൊത്ത് 2000ത്തിലാണ് ഫൈസല്‍ മേള എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ട്വിങ്കിള്‍ ഖന്നയായിരുന്നു നായിക. 1988 ല്‍ ഖയാമത് സേ ഖയാമത് തകിലൂടെയാണ് ഫൈസല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തും മേരെ ഹോ എന്ന ചിത്രത്തില്‍ അച്ഛന്‍റെ സംവിധാന സഹായിയായും ഫൈസല്‍ പ്രവര്‍ത്തിച്ചു. 2021 ല്‍ ഫാക്ടറ്ററി എന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറി. 2022 ല്‍ കന്നഡയില്‍ ഒപ്പന്‍ഡ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു.