കലാഭവന്‍ നവാസിന്‍റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി നടി സ്നേഹ ശ്രീകുമാര്‍ .  നവാസ് തനിക്ക് സഹോദരനും ഗുരുസ്ഥാനിയനും ആണെന്നും വാര്‍ത്ത അറിഞ്ഞപ്പോള്‍ സത്യം ആകരുതേ എന്നാണ് കരുതിയതെന്നും സ്നേഹ പറഞ്ഞു. വിയോഗം താങ്ങാനുള്ള ശക്തി കുടുംബത്തിന് കൊടുക്കണേ എന്നാണ് പ്രാര്‍ത്ഥന എന്നും സഹോദരന്‍ നിയാസ് വിഷമം പുറത്തുകാണിക്കാതെ ഉരുകുന്നത് കാണാമെന്നും സ്നേഹ ഫേസ്​ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. 

സ്നേഹയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

നവാസിക്ക പോയി... കേട്ടപ്പോൾ മുതൽ വിശ്വസിക്കാൻ പ്രയാസം ആയിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യാത്രയിൽ ആയിരുന്നു. കൊല്ലം കഴിഞ്ഞപ്പോൾ ആണ് ഈ വാർത്ത അറിയുന്നത്. അപ്പോൾ മുതൽ സത്യം ആകരുതേ എന്ന് കരുതി.. രാവിലെ ഷൂട്ട്‌ തീർത്തു ഉച്ചക്ക് തന്നെ പുറപ്പെടാൻ നോക്കി പക്ഷെ വന്ദേഭാരത് പോലും ഒരുമണിക്കൂർ വൈകിയാണ് വന്നത്. സ്റ്റേഷനിൽ ടിനിച്ചേട്ടൻ ഉണ്ടായിരുന്നു, അവിടെ എത്താൻ പറ്റാത്ത സങ്കടത്തിൽ ആയിരുന്നു. ഷാജോൺചേട്ടൻ ആ സമയത്തു വീഡിയോ കാൾ വിളിച്ചു, അങ്ങിനെ അവസാനമായി ഞങ്ങൾ ഇക്കയെ കണ്ടു.. 

നവാസിക്ക എനിക്ക് സഹോദരനും ഗുരുസ്ഥാനിയനും ആണ്. ഒന്നിച്ചുള്ള പരിപാടികൾ, യാത്രകൾ എല്ലാം ഓർമയായി.. ആരോഗ്യകാര്യങ്ങളിൽ ശ്രദിച്ചിരുന്നു, ദുശീലങ്ങൾ ഇല്ല, നന്നായി സംസാരിക്കും പെരുമാറും അങ്ങിനെ ഏറ്റവും പ്രിയപ്പെട്ട നവാസിക്ക... നിയാസിക്കയുടെ കുടുംബം ഞങ്ങളുടെയും ആണ്, ഈ വിയോഗം  ഉമ്മായ്ക്കും രഹ്‌നചേച്ചിക്കും മക്കൾക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്ന പ്രാർത്ഥന മാത്രം.. 

ചെറുപ്പം മുതലേ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ഏറ്റടുത്തു നിയാസിക്കക്ക് കുറെയൊക്കെ പിടിച്ചു നിക്കാൻ പറ്റും... പുറത്തു കാണിക്കാതെ ആ മനുഷ്യൻ സ്വയം ഉരുകുന്നത് ഞങ്ങൾക്ക് മനസിലാകുന്നുണ്ട്...എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ല എന്ന് പറയുമ്പോൾ... ഇപ്പഴും വിശ്വസിക്കാൻ പ്രയാസം.. ചെയ്തു വച്ച പരിപാടികളും കഥാപാത്രങ്ങളും നിലനിൽക്കും.. അത് കലാകാരൻ ആയതു കൊണ്ടുള്ള ഒരു അനുഗ്രഹം ആണ്

ENGLISH SUMMARY:

Actress Sneha Sreekumar has expressed deep sorrow over the death of Kalabhavan Nawaz. In an emotional Facebook post, she said Nawaz was like a brother and mentor to her. She recalled wishing the news wasn’t true when she first heard it. Sneha also prayed for strength for the grieving family and noted how Nawaz’s brother, Niyas, is silently enduring the pain of the loss.