അസമില്‍ നിന്നു കേരളത്തിലെത്തി സെലിബ്രിറ്റി മേക്ക് അപ്പില്‍ വൈറലായ ആളാണ് ട്രാന്‍സ്ജെന്‍ഡര്‍ ജാന്‍മണി. ക്വീര്‍ കമ്മ്യൂണിയുടെ ഉന്നമനത്തിനായി ഇവര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായതോടെയാണ് ജാൻമണി വലിയ താരപദവി നേടിയത്. ഇതിൽ സഹമത്സരാർത്ഥിയായിരുന്ന അഭിഷേകുമായി ജാൻമണിയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്. ഇരുവരും ഒന്നിച്ചുള്ള റീൽസ് വിഡിയോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. രണ്ടാളും ലിവിങ് റിലേഷനിലാണെന്നും വിവാഹിതരാകാനൊരുങ്ങുന്നു എന്നുമൊക്കെ ഗോസിപ്പുകളുണ്ടായി.
ഇപ്പോഴിതാ, ജാൻമണിയും അഭിഷേകും ഒന്നിച്ചുള്ള ഒരു വിവാഹ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. രണ്ടാളും പൂമാലയണിഞ്ഞ്, വധൂവരൻമാരെപ്പോലെയാണ് വിഡിയോയിൽ.
സിന്ദൂരവുമണിഞ്ഞിട്ടുണ്ട് ജാൻമണി. ഇവർ വിവാഹിതരായെന്നും അല്ല, ഇതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും സൂചനകളുണ്ട്. വിവാഹവേഷത്തിൽ ഓൺലൈന്‍ മാധ്യമങ്ങളോട് സംസാരിക്കവേ, ‘ഒരുപാടുകാലം ആഗ്രഹിച്ചാണ് ഈ ഒരു മുഹൂര്‍ത്തം, സത്യം’ എന്നാണ് ജാൻമണി പറയുന്നത്. ‘ഗോസിപ്പുകൾക്കുള്ള മറുപടിയാണ് ഈ താലിമാലയും വരണമാല്യവും’ എന്നും ഇരുവരും പറയുന്നു.