അന്തരിച്ച സിനിമാ താരവും നടൻ പ്രേംനസീറിന്‍റെ മകനുമായ ഷാനവാസിന് അന്ത്യാഞ്ജലി. തിരുവനന്തപുരം വഴുതയ്ക്കാട്ടെ വസതിയിലെത്തി നിരവധിപേരാണ് അന്തിമോപചാരം അർപ്പിച്ചത്. പാളയം ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം.
മലയാളത്തിലും, തമിഴിലുമായി അൻപതിലേറെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഷാനവാസ്. ഒരുകാലത്ത് കോളജ് ക്യാംപസുകളിൽ ആവേശം തീർത്ത നടനായിരുന്നു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും സജീവമായ അഭിനയ യാത്ര. വൃക്കസംബന്ധമായ രോഗത്തിന് ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയിൽ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷാനവാസിന്‍റെ അന്ത്യം.
രാവിലെ പത്തരയോടെയാണ് തിരുവനന്തപുരം വഴുതയ്ക്കാട്ടെ വസതിയിലെ പൊതുദർശനം തുടങ്ങിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സിനിമാ താരങ്ങളും വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം അഞ്ച് മണിയോടെ ഭൗതികദേഹം പാളയം ജുമാ മസ്ജിദില്‍ ഖബറടക്കി.