സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചും പുഷ്പവതി പൊയ്പ്പാടത്തിന് പിന്തുണ പ്രഖ്യാപിച്ചും എഴുത്തുകാരിയായ എസ്. ശാരദക്കുട്ടി. പുഷ്പവതി വലിയ അഭിനന്ദനമർഹിക്കുന്നുവെന്നും ഏത് സദ്ഗുരു ആയാലും മൈക്ക് കയ്യിലെടുക്കുമ്പോൾ രാഷ്ട്രീയ അവബോധം കൂടുതലുള്ള ഒരു തലമുറ മുന്നിലിരിക്കുന്നുണ്ടെന്ന ഭയം, ജാഗ്രത ഒക്കെ ഉണ്ടാകുന്നത് നല്ലതാണെന്നുമാണ് ശാരദക്കുട്ടി തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്.
എന്നാല്‍ തന്‍റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. സിനിമയെടുക്കുന്നവര്‍ക്ക് ട്രെയിനിങ് നല്‍കണം. അറിവുകേടുകൊണ്ടാണ് എന്നെ വിമര്‍ശിക്കുന്നത്. സിനിമയെടുക്കുന്നവര്‍ക്ക് പരിശീലനം അനിവാര്യമാണ്. പറഞ്ഞത് അവരുടെ ഉന്നമനത്തിനായി. ഒന്നരക്കോടി മൂന്നുപേര്‍ക്കായി നല്‍കണമെന്നാണ് പറഞ്ഞത്. പോസിറ്റീവായി പറഞ്ഞ കാര്യമാണ് വളച്ചൊടിച്ചത്. പ്രതിഷേധിച്ചത് സിനിമയുമായി ബന്ധമില്ലാത്തയാളാണെന്നും അതുകൊണ്ട് ഇപ്പോള്‍ പത്രത്തിലും ടിവിയിലും ഇപ്പോള്‍ പടം വന്നില്ലേയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഒരിക്കൽ ഒരു വേദിയിൽ, മഹാകവി വള്ളത്തോൾ, അന്ന് യുവാവായിരുന്ന കേശവദേവിനോട് ചോദിച്ചു, 'ഞങ്ങൾ വഴി മാറിത്തരണമെന്നാണോ നിങ്ങൾ പറയുന്നത്?'. ഉടൻ ദേവ് പറഞ്ഞ മറുപടി, 'നിങ്ങൾ വഴി മാറുകയൊന്നും വേണ്ടാ, നിങ്ങൾക്കതിന്നാവില്ല. ഞങ്ങൾ നിങ്ങളെ ചവിട്ടിക്കടന്നു പൊയ്ക്കൊള്ളാം' എന്നാണ്.
അടൂർ ഗോപാലകൃഷ്ണനോട് മറുപടി പറഞ്ഞ പുഷ്പവതി പൊയ്പാടത്ത് ഇക്കഥ ഓർമ്മിപ്പിച്ചു. പുഷ്പാവതി വലിയ അഭിനന്ദനമർഹിക്കുന്നു.
ഏത് സദ്ഗുരു ആയാലും മൈക്ക് കയ്യിലെടുക്കുമ്പോൾ പൊളിട്ടിക്കൽ അവേര്‍നസ് കൂടുതലുള്ള ഒരു തലമുറ മുന്നിലിരിക്കുന്നുണ്ടെന്ന ഭയം, ജാഗ്രത ഒക്കെ ഉണ്ടാകുന്നത് നല്ലതാണ്. എത്ര പരീശീലനമുണ്ടെങ്കിലും മുൻ പരിചയമുണ്ടെങ്കിലും ഒരു സ്റ്റേജിലേക്കോ ക്ലാസ് മുറിയിലേക്കോ ഒക്കെ കയറുമ്പോൾ ഒരു പുതുക്കക്കാരൻ്റെ/ പുതുക്കക്കാരിയുടെ ജാഗ്രത ഉണ്ടാകണം.
ജന്മം കൊണ്ട് മുൻ നിരയിലിരിക്കുവാൻ കഴിഞ്ഞ അർജ്ജുനനും ദുര്യോധനനും മാത്രമല്ല അവിടെയുള്ളത്. കൂടുതൽ ജാഗ്രതയോടെ പിൻ നിരയിലിരിക്കേണ്ടി വരുന്ന കർണ്ണനേയും ഏകലവ്യനേയും കൂടി നേരിടേണ്ടി വരുമെന്ന ബോധം അധ്യാപകർക്കും പ്രഭാഷകർക്കും ഉണ്ടാകണം. വേര് ചീഞ്ഞാൽ വന്മരങ്ങളായാലും കടപുഴകുക തന്നെ ചെയ്യും.