സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ വിവാദ പരാമര്‍ശത്തില്‍ അടൂരിനെ പിന്തുണച്ച് നടനും എം.എല്‍.എയുമായ മുകേഷ്. സിനിമയെടുക്കാന്‍ വരുന്നവരെ ഇന്‍റര്‍വ്യൂ ചെയ്യണമെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് 3 മാസത്തെ പരിശീലനം നല്‍കണമെന്നുമാണ് മുകേഷിന്‍റെ അഭിപ്രായം. സിനിമയെക്കുറിച്ച് അറിയാത്ത സ്ത്രീകള്‍ക്ക് 3 മാസം ട്രെയിനിങ് കൊടുത്തിട്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചാല്‍ കുറച്ചുകൂടി നന്നാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നല്ല സിനിമ ചെയ്യുന്ന ചെറുപ്പക്കാര്‍ വളര്‍ന്ന് വരണം എന്ന് തന്നെ ആയിരിക്കും അടുരിന്‍റെയും ആഗ്രഹമെന്നും ഗുരുക്കൻമാർ പറഞ്ഞു കൊടുക്കുന്നതിൽ എന്താണ് തെറ്റെന്നും മുകേഷ് ചോദിച്ചു. അതേ സമയം വിവാദങ്ങള്‍ക്കിടയിലും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അടൂര്‍ വ്യക്തമാക്കി. പോസിറ്റീവായി പറഞ്ഞ കാര്യമാണ് വളച്ചൊടിച്ചതെന്നും പ്രതിഷേധിച്ചത് സിനിമയുമായി ബന്ധമില്ലാത്തയാളാണെന്നും അതുകൊണ്ട് ഇപ്പോള്‍ പത്രത്തിലും ടിവിയിലും ഇപ്പോള്‍ പടം വന്നില്ലേയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍.
മുകേഷിന്‍റെ വാക്കുകള്‍
അദ്ദേഹം പറഞ്ഞത് ആ ഉദ്ദേശത്തോടുകൂടി ആയിരിക്കില്ല. വരുന്നവരെ ഒരു ഇന്‍റര്‍വ്യൂ നടത്തി ആവശ്യമെങ്കില്‍ അവരെ അവരെ 3 മാസത്തെ ക്ലാസ് കൊടുക്കണം എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. അറിഞ്ഞൂടാത്ത സ്ത്രീകള്‍ക്ക് 3 മാസം ട്രെയിനിങ് കൊടുത്തിട്ട് സിനിമ സംവിധാനം ചെയ്യിപ്പിച്ചാല്‍ കുറച്ചുകൂടി നന്നാകും. അതാണ് എന്‍റെ അഭിപ്രായം. എല്ലാവരെയും അങ്ങനെ ചെയ്യണമെന്നില്ല. ഇന്‍റര്‍വ്യൂവില്‍ നമുക്ക് അറിയാമല്ലോ , കപ്പാസിറ്റി ഉണ്ടെങ്കില്‍ ചെയ്യട്ടേ അല്ലെങ്കില്‍ പറഞ്ഞികൊടുക്കുക. ഗുരുക്കൻമാർ പറഞ്ഞു കൊടുക്കുന്നതിൽ എന്താ തെറ്റ്?. നല്ല സിനിമ ചെയ്യുന്ന ചെറുപ്പക്കാര്‍ വളര്‍ന്ന് വരണം എന്ന് തന്നെ ആയിരിക്കും അദ്ദേഹത്തിനും.