നടി തമന്ന ഭാട്ടിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് പല കിവംദന്തികളും ഇടയ്ക്കിടെ പ്രചരിക്കാറുണ്ട്. വിജയ് വർമ്മയുമായുള്ള രണ്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയും പല പ്രചാരണങ്ങളുണ്ടായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖുമായി വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ക്ക് അല്‍പം പഴക്കമുണ്ട്. ഈ വാര്‍ത്തയോട് ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിൽ തമന്ന സംസാരിച്ചു.
ഇന്‍റര്‍നെറ്റ് ലോകത്ത് ഞാന്‍ അബ്ദുള്‍ റസാഖിനെ വിവാഹം ചെയ്തിരിക്കുകയാണ് എന്നാണ് തമന്ന പറഞ്ഞത്. വളരെ ലജ്ജാകരമാണ്. അദ്ദേഹത്തെ കണ്ടത് ഒരു ജ്വല്ലറി സ്റ്റോറിലാണ്. അതിന്‍റെ ഉദ്ഘാടനമായിരുന്നു. ഏത് സ്ഥലത്താണ് എന്നു പോലും ഓര്‍മയില്ല എന്നും തമന്ന പറഞ്ഞു. ക്ഷമിക്കണം സർ, നിങ്ങൾക്ക് 2-3 കുട്ടികളുണ്ട്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എനിക്കറിയില്ല എന്നും തമന്ന അഭിമുഖത്തില്‍ പറഞ്ഞു.
അബ്ദുൾ റസാഖ് മാത്രമല്ല, ക്രിക്കറ്റ് താരം വിരാട് കോലിയുമായും തമന്നയെ ബന്ധപ്പെടുത്തി വാര്‍ത്തകളുണ്ടായിരുന്നു. താന്‍ ഒരിക്കല്‍ മാത്രമാണ് കോലിയെ കണ്ടതെന്നും പിന്നീട് ഇതുവരെ കണ്ടിട്ടില്ലെന്നും ഇത്തരം പ്രചാരണങ്ങളില്‍ വളരെ വിഷമമുണ്ടെന്നുമാണ് തമന്ന പറഞ്ഞത്.
2020 ല്‍ തമന്ന ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരുന്നു. 'ഒരു ദിവസം ഒരു നടനുമായി, അടുത്ത ദിവസം ക്രിക്കറ്റ് കളിക്കാരനുമായി ഇപ്പോള്‍ ഒരു ഡോക്ടറുമായി. കിംവദന്തികള്‍ കേട്ടാല്‍ ഞാന്‍ ഭര്‍ത്താവിനെ തേടി പോവുകയാണെന്ന് തോന്നും. എന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ അടിസ്ഥാനമില്ലാത്ത വാര്‍ത്ത വരുന്നത് എനിക്ക് ഇഷ്ടമല്ല, ഞാന്‍ ഇപ്പോള്‍ സന്തോഷത്തോടെ സിംഗിളാണ്. എന്‍റെ മാതാപിതാക്കള്‍ എനിക്കുവേണ്ടി വരനെ തിരയുന്നില്ല' എന്നായിരുന്നു തമന്നയുടെ വാക്കുകള്‍.
43 വയസ്സുകാരനായ അബ്ദുൽ റസാഖ് പാക്കിസ്ഥാന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. 1996 ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ താരം 2013ലാണ് അവസാന മത്സരം കളിക്കുന്നത്. 2013ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20യിലാണ് പാക്കിസ്ഥാനു വേണ്ടി ഒടുവിൽ കളിച്ചത്. ടെസ്റ്റിൽ 46, ഏകദിനത്തിൽ 265, ട്വന്റി20യിൽ 32 മത്സരങ്ങൾ പാക്കിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്.