രാഞ്ഛന എന്ന ബോളിവുഡ് ചിത്രത്തിന്‍റെ റീ-റിലീസിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ലൈമാക്സിൽ വരുത്തിയ മാറ്റത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ധനുഷ്. സിനിമയുടെ ക്ലൈമാക്സ് മാറ്റിയത് അതിന്‍റെ ആത്മാവിനെ ഇല്ലാതാക്കിയെന്ന് ധനുഷ് ആരോപിച്ചു. തന്‍റെ എതിർപ്പുകൾ അവഗണിച്ച് നടത്തിയ ഈ മാറ്റം ആശങ്കയുണ്ടാക്കുന്നതാണെന്നും ധനുഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
12 വർഷം മുൻപ് താൻ അഭിനയിച്ച സിനിമ ഇതല്ലെന്നും, ഒരു കലാസൃഷ്ടിയിൽ എഐ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തുന്നത് അതിന്‍റെ യഥാർത്ഥ പൈതൃകത്തിന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകൾ ഭാവിയിൽ തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും ധനുഷ് പറഞ്ഞു.
യഥാർത്ഥ സിനിമയിൽ ധനുഷിന്‍റെ കഥാപാത്രം മരണമടയുന്ന രംഗത്തോടെയാണ് ക്ലൈമാക്സ് അവസാനിക്കുന്നത്. എന്നാൽ റീ-റിലീസിൽ, ആശുപത്രിയിൽ വെച്ച് കഥാപാത്രം കണ്ണുതുറക്കുന്നതായാണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മാറ്റിയത്. സിനിമയുടെ സത്തയെ തന്നെ മാറ്റുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ സിനിമാലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുകയാണ്.